റാസൽഖൈമ∙ റാസൽഖൈമയിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരിച്ച 11 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. മരിച്ചവരിൽ അഞ്ച് മലയാളികളാണുള്ളത്. ഇതിലൊരാളടക്കം 2 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് കൊളങ്ങരടി(53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ്(29) എന്നിവരാണ് മരിച്ചത്. ഒരു മലയാളിയടക്കം 2 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവരെ കൂടാതെ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് ധൻജി ഭായ്, തമിഴ് നാട്ടുകാരൻ ഗോവിന്ദരാജ് മഹാലിംഗം, ആന്ധ്രപ്രദേശ് സ്വദേശി വിനോദ് കുമാർ, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, ഉത്തർ പ്രദേശ് സ്വദേശി അലി റാഷിദ്, പഞ്ചാബ് സ്വദേശികളായ രമൺ കുമാർ, രാജ് കുമാർ എന്നിവരുടെ ജീവനുകളാണ് പൊലിഞ്ഞത്.
അഷ്റഫ് ഉമ്മുൽഖുവൈനിൽ വർഷങ്ങളായി ശീതളപാനീയ വിതരണ ബിസിനസ് നടത്തിവന്നിരുന്നു. കച്ചവടത്തിലെ പ്രതിസന്ധികൾ കാരണം ഇൻവെസ്റ്റർ വീസ പുതുക്കാനാകാതെ വീസ സ്റ്റാറ്റസ് മാറ്റി സ്ഥാപനത്തിലേക്ക് മടങ്ങവേയാണ് ഇദ്ദേഹത്തെ മരണം കവർന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം നാട്ടിൽ ഏറെ ആഗ്രഹിച്ച് പണിത വീടിന്റെ പാൽകാച്ചൽ ചടങ്ങ് നടത്തിയത്. മുൻപ് 18 വയസ്സുള്ള ഒരു മകനെ ഹൃദയാഘാതം മൂലവും മറ്റൊരു മകനെ രണ്ടു വർഷം മുൻപ് ബൈക്ക് അപകടത്തിലും നഷ്ടപ്പെട്ട അഷ്റഫിന്റെ കുടുംബത്തിന് ഈ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും ദുബായിൽ ജോലിയുള്ള മകനും നാട്ടിലുള്ള മകളുമടങ്ങുന്നതാണ് കുടുംബം.
ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം വിവാഹിതനായി നല്ലൊരു ഭാവിയും ജോലിയും തേടി യുഎഇയിലെത്തിയ മുഹമ്മദ് ആഷിഖും അപകടത്തിൽ മരിച്ചു. കഫറ്റീരിയയിൽ ജോലി ലഭിച്ചെങ്കിലും തൊഴിൽ വീസ ശരിയാകാൻ വൈകിയതിനെ തുടർന്ന് വിസിറ്റ് വീസ മാറ്റാനായി ഒമാനിലേക്ക് പോയതായിരുന്നു.ദുരന്തത്തിൽ മരിച്ച ഏക മലയാളി വനിതയായ സങ്കീർത്ത സുരേഷ് കംപ്യൂട്ടർ സയൻസ് എൻജിനീയറാണ്. രണ്ടു വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന ഈ യുവതിക്ക് മറൈൻ മേഖലയിൽ പുതിയ ജോലി ലഭിച്ചിരുന്നു. നിലവിലുള്ള വീസ കാലാവധി തീരാറായതിനെ തുടർന്നാണ് പുതിയ കമ്പനിയിൽ ചേരുന്നതിന് മുൻപായി വീസ മാറ്റാൻ ഒമാനിലേക്ക് തിരിച്ചത്. മെക്കാനിക്കൽ എൻജിനീയറായ ഹേമന്ത് പുതിയകാവിൽ പഴയ ജോലി രാജിവച്ച് പുതിയ കമ്പനിയിൽ ചേരാനിരിക്കെ വീസാ നടപടികൾ പൂർത്തിയാക്കാൻ സന്ദർശക വീസയിലേക്ക് മാറുന്നതിനായി നടത്തിയ യാത്രയാണ് ദുരന്തത്തിൽ അവസാനിച്ചത്.
ഇന്ത്യക്കാരെ കൂടാതെ, ഒരു ശ്രീലങ്കക്കാരനും ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. വീസ പുതുക്കുന്നതിന്റെ നടപടികളുടെ ഭാഗമായി ഒമാനിൽ പോയി വരികയായിരുന്ന, മലയാളികളുടെ ഉടമസ്ഥതയിലുള്ള ബസാണ് യന്ത്രത്തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ദുരന്തമുണ്ടാത്. 11 പേർ സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ 2 പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരുടെ പേര് വിവരങ്ങൾ വൈകാതെ അധികൃതർ പുറത്തുവിടുമെന്നാണ് കരുതുന്നത്.






