Headlines

നെതന്യാഹുവുമായി 4 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമില്ല; പുതിയ സർക്കാർ എപ്പോൾ?: ഐസൻകോട്ടിനു മേൽ സമ്മർദ്ദം മുറുകുന്നു

ടെൽ അവീവ് ∙ ഇസ്രയേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിൽ നടത്തിയ ഏറ്റവും ഒടുവിലത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതായും വിശദമായ ചർച്ചകൾ നടന്നതായും പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചർച്ചകൾ തുടരുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അടുത്ത യോഗം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാഥമിക ചർച്ചകൾക്ക് പിന്നാലെ ടെൽ അവീവിന് സമീപമുള്ള ഹെർസ്‌ലിയയിലെ ഒരു ഹോട്ടലിലായിരുന്നു നാലു മണിക്കൂർ നീണ്ട പുതിയ കൂടിക്കാഴ്ച.

ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ഡിസംബർ 6നകം സഖ്യസർക്കാർ രൂപീകരിക്കേണ്ട സമ്മർദ്ദത്തിലാണ് ഗാദി ഐസൻകോട്ട്. ആവശ്യമെങ്കിൽ രണ്ടാഴ്ചത്തെ അധിക സമയം കൂടി അദ്ദേഹത്തിന് തേടാനാകും. 120 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകൾ മാത്രമാണുള്ളത്. ആരെയൊക്കെ സഖ്യത്തിൽ ഉൾപ്പെടുത്തണം എന്നതിനെച്ചൊല്ലി മുന്നണിക്കുള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളെ സങ്കീർണമാക്കുന്നുണ്ട്. തീവ്ര വലതുപക്ഷ വിഭാഗങ്ങളെ കൂടെക്കൂട്ടുക, അറബ് പാർട്ടികളുടെ പിന്തുണ തേടുക, അല്ലെങ്കിൽ ലിക്കുഡ് പാർട്ടിയുമായി അധികാരം പങ്കിടുക എന്നീ സാധ്യതകളാണ് ഐസൻകോട്ടിനു മുന്നിലുള്ളത്.

പ്രധാനമന്ത്രി പദം ഊഴമിട്ട് പങ്കിടുന്ന രീതിയിലുള്ള ഒരു ദേശീയ ഐക്യസർക്കാർ രൂപീകരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ഇസ്രയേലിൽ മുൻപും ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. അഴിമതിക്കേസുകളിൽ നിന്നുള്ള രാഷ്ട്രീയ സംരക്ഷണം നിലനിർത്താനും, 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പ്രതിരോധിക്കാനും ഈ നീക്കം നെതന്യാഹുവിനെ സഹായിച്ചേക്കാം. എന്നാൽ, നെതന്യാഹു നയിക്കുന്ന ഒരു സർക്കാരിന്റെ ഭാഗമാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐസൻകോട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നെതന്യാഹുവിനെതിരെയായിരുന്നു ഐസൻകോട്ടിന്റെ പ്രധാന നീക്കങ്ങൾ. നെതന്യാഹുവിനോ അദ്ദേഹത്തിന്റെ സഖ്യത്തിനോ ഒപ്പം ഒരു കാരണവശാലും ചേരില്ലെന്ന് ഐസൻകോട്ടിന്റെ സഖ്യകക്ഷിയും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റും ശനിയാഴ്ച ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.