Headlines

ഇസ്രയേൽ തിരഞ്ഞെടുപ്പ് നടന്നത് ശരിയായ രീതിയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; കൃത്രിമം നടന്നെന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണം തള്ളി

ജെറുസലേം: ഇസ്രയേൽ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഖത്തറിന്റെയും തുർക്കിയുടെയും ഇടപെടൽ തിരഞ്ഞെടുപ്പിലുണ്ടായോ എന്ന അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷൻ ചെയർമാന്റെ പ്രതികരണം. (Israel Elections)

ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനി, സിഇസി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡീൻ ലിവ്നെ, അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയാര എന്നിവർക്കൊപ്പമാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സോം സോൾബർഗും വീഡിയോയിൽ പ്രതികരിച്ചത്. അതേസമയം ആര് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ ഇസ്രയേലിൽ അനിശ്ചിതത്വം തുടരുകയാണ്.

അതിനിടെ, തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നെന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് ഇസ്രയേൽ നീക്കം. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് പുറമെ ഇസ്രയേൽ ചാര സംഘടനയായ മൊസാദും അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിൽ വിദേശ ഫണ്ടിങ് നടന്നതായാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലിക്കുഡ് പാർട്ടിയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നത്.

അതേസമയം, ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടിയായ യാഷർ പാർട്ടിയുടെ നേതാവ് ഗാദി ഐസൻകോട്ട് ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ബെഞ്ചമിൻ നെതന്യാഹു സഖ്യത്തിലെ പാർട്ടികളും, അറബ് പാർട്ടികളിൽ നിന്നുമുള്ളവരും തന്റെ നേതൃത്വത്തിലുള്ള സഖ്യവുമായി സഹകരിക്കുമെന്നാണ് ഐസൻകോട്ട് വിശ്വസിക്കുന്നത്. ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുകയും, ഹമാസിനെ ഭീകരസംഘടനയായി കണക്കാക്കുകയും ചെയ്യുന്ന ഏത് കക്ഷിയേയും സ്വാഗതം ചെയ്യുന്നുവെന്ന് ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്.