Headlines

ബഹ്റൈനിലെ യുഎസ് താവളത്തിൽ ഇറാന്റെ ആക്രമണം; യെമനിൽ സൗദിപക്ഷ സേനയ്ക്ക് തിരിച്ചടി

ദുബായ് ∙ ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം. യുഎസ് സേനാത്താവളം ലക്ഷ്യമിട്ട ഇറാന്റെ 6 ഡ്രോണുകൾ വെടിവച്ചിട്ടതായി ബഹ്റൈൻ അറിയിച്ചു. ബഹ്റൈനിലെ അൽ റിഫാ ഹെലികോപ്റ്റർ താവളത്തിൽ യുഎസ് സേനയുടെ വ്യോമ പ്രതിരോധ റഡാറുകളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. രണ്ടുദിവസം മുൻപും ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനം ഇറാൻ ആക്രമിച്ചിരുന്നു.

ഹോർമുസ് കടലിടുക്കിൽ ഇന്നലെ 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങിയ സൂപ്പർടാങ്കർ അടക്കം 2 കപ്പലുകൾ കടൽ ബോംബിൽ തട്ടി തീപിടിച്ചു മുങ്ങി. ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറിനു നേരെയും ആക്രമണം ഉണ്ടായി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.മക്ക മേഖലയിൽ ഹൂതികളുടെ 2 ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി സഖ്യസേന അറിയിച്ചു. സൗദിയുടെ കിഴക്കൻ മേഖലയിലെ സൗദി എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണം നടന്നു.

അതിനിടെ, യെമനിൽ സൗദിപക്ഷ സർക്കാരിന്റെ താൽക്കാലിക ആസ്ഥാനമായ ഏദനിൽ ഹൂതികളുടെ ആക്രമണങ്ങളിൽ 5 പേർ കൊല്ലപ്പെട്ടു. ഏദനിൽ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ പ്രതിരോധത്തിനായി ബാബുൽ മൻദിബ് കടലിടുക്കിൽ വിന്യസിച്ചിട്ടുള്ള സേനയെ യെമൻ സർക്കാർ തിരികെ വിളിച്ചു. ചെങ്കടൽ തീരമേഖലയിലെ സൈന്യത്തെയും ഏദനിലെ ചെറുത്തുനിൽപിനായി മടക്കിവിളിച്ചിട്ടുണ്ട്. ചെങ്കടലിലെ വ്യാപാരപാതയായ ബാബുൽ മൻദിബ് ഹൂതികളിൽനിന്ന് തിരിച്ചുപിടിക്കാൻ ഇറങ്ങിയ സർക്കാർ സേന ഏദനിലേക്കു മടങ്ങുന്നത് സൗദിയുടെ ഹൂതിവിരുദ്ധ നീക്കങ്ങൾക്കും തിരിച്ചടിയായി.