പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നതിലും 25 വർഷത്തിനു മുൻപേതന്നെ ലോകത്തെ 6-ാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ഇസ്ലാമാബാദിൽ പാക്കിസ്ഥാൻ മിനറൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം-2026ൽ സംസാരിക്കുകയായിരുന്നു ഷെഹബാസ് ഷെരീഫ്.
പ്രമുഖ രാജ്യാന്തര ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അടുത്തിടെ പ്രവചിച്ചത് പാക്കിസ്ഥാൻ 2050ഓടെ ലോകത്തെ 16-ാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നാണ്. 2075ഓടെ 6-ാമത്തെയും. എന്നാൽ, ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം തെറ്റുമെന്നും പ്രതീക്ഷിച്ചതിലും 25 വർഷം മുൻപേ, അതായത് 2050ൽ പാക്കിസ്ഥാൻ 6-ാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
2050ഓടെ ഇന്ത്യ 22.2 ട്രില്യൻ ഡോളർ (22 ലക്ഷം കോടി ഡോളർ) ജിഡിപിമൂല്യവുമായി 3-ാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. ആ വർഷം 16-ാം സ്ഥാനത്തായിരിക്കുന്ന പാക്കിസ്ഥാന്റെ ജിഡിപി മൂല്യം 3.3 ട്രില്യൻ മാത്രമായിരിക്കും.
നൈജീരിയ, കാനഡ, സൗദി അറേബ്യ, ഈജിപ്റ്റ് തുടങ്ങിയവയെല്ലാം പാക്കിസ്ഥാനേക്കാൾ മുന്നിലായിരിക്കും.
2050ൽതന്നെ പാക്കിസ്ഥാൻ 6-ാമതാകും എന്ന ഷെഹബാസ് ഷെരീഫിന്റെ പ്രവചനം കണക്കിലെടുത്താൽ പാക്കിസ്ഥാൻ മറികടക്കുന്നത് ഇന്തൊനീഷ്യ, ജർമനി, ജപ്പാൻ, യുകെ, ഫ്രാൻസ്, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയായിരിക്കും. ചൈനയായിരിക്കും 2050ൽ ഒന്നാമത്. യുഎസ് രണ്ടാമതും ഇന്ത്യ മൂന്നാമതും.
മൈനിങ്, മിനറൽ മേഖലയിൽ പാക്കിസ്ഥാനിലേക്ക് രാജ്യാന്തര നിക്ഷേപമൊഴുകുമെന്നും രാജ്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ചെമ്പ്, സ്വർണം, മറ്റ് അപൂർവ ധാതുക്കൾ എന്നിവയിൽ വൻ ഖനന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇതാണ് പാക്കിസ്ഥാന്റെ ജിഡിപി കുതിപ്പിന് വഴിതുറക്കുകയെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) റിപ്പോർട്ടുപ്രകാരം ഇപ്പോൾ വെറും 450 ബില്യൻ ഡോളർ ജിഡിപി മൂല്യവുമായി ലോകത്തെ 42-ാമത്തെ വലിയ സാമ്പത്തികശക്തി മാത്രമാണ് പാക്കിസ്ഥാൻ. 40-ാമതുള്ള ബംഗ്ലദേശിനേക്കാളും പിന്നിൽ. അയൽക്കാരായ ഇന്ത്യ 4.06 ട്രില്യൻ ഡോളർ ജിഡിപി മൂല്യവുമായി 6-ാം സ്ഥാനത്താണ്.
ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ടുപ്രകാരം 2050ലെയും 2075ലെയും ആദ്യ 10 സമ്പദ്ശക്തികളുടെ പട്ടിക ഇങ്ങനെ:
2050
1. ചൈന
2. യുഎസ്
3. ഇന്ത്യ
4. ഇന്തൊനീഷ്യ
5. ജർമനി
6. ജപ്പാൻ
7. യുകെ
8. ബ്രസീൽ
9. ഫ്രാൻസ്
10. റഷ്യ
16. പാക്കിസ്ഥാൻ
2075ലെ ശക്തികൾ
1. ചൈന
2. ഇന്ത്യ
3. യുഎസ്
4. ഇന്തൊനീഷ്യ
5. നൈജീരിയ
6. പാക്കിസ്ഥാൻ
7. ഈജിപ്ത്
8. ബ്രസീൽ
9. ജർമനി
10. യുകെ
യുഎസിനെ കടത്തിവെട്ടും ഇന്ത്യ
2075ൽ ഇന്ത്യ 2-ാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. മാനുഫാക്ചറിങ് ശക്തിയായി വളരുന്ന ഇന്ത്യയുടെ ജിഡിപി മൂല്യം 2075ൽ 52 ട്രില്യൻ ഡോളർ ആയിരിക്കും. 3-ാം സ്ഥാനത്താകുന്ന യുഎസിന്റേത് 51 ട്രില്യൻ. ചൈന 57 ട്രില്യനുമായി ഒന്നാംസ്ഥാനം അലങ്കരിക്കും. ആഫ്രിക്കൻ ശക്തിയായ നൈജീരിയ 5-ാം സ്ഥാനത്താകുമെന്നതും പ്രത്യേകതയാണ്. ജർമനിയും യുകെയും ഫ്രാൻസും കാനഡയുമെല്ലാം നൈജീരിയയേക്കാൾ പിന്നിലാകും. ജപ്പാൻ ആദ്യ 10ൽ പോലും ഉണ്ടാവില്ല.









