കൊൽക്കത്ത ∙ പ്രണയബന്ധം തകർന്നതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മുൻ പങ്കാളിയുടെ രണ്ട് വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ യുവതിയെ വിഡിയോ കോളിലൂടെ തത്സമയം കാണിക്കുകയും ചെയ്ത ദക്ഷിണ കൊൽക്കത്ത സ്വദേശി സഞ്ജീബ് ഭട്ടാചാര്യയെയാണ് ജാദവ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കൊൽക്കത്തയിലെ ബിജയ്ഗഡ്-ബിക്രംഗഡ് മേഖലയിൽ ഡിജെ പരിനോവ എന്ന യുവതിക്കൊപ്പം ലിവിങ്-ഇൻ ബന്ധത്തിൽ കഴിഞ്ഞുവരികയായിരുന്നു സഞ്ജീബ്. കുറച്ചുകാലമായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. തുടർന്ന് യുവതി വീട് മാറി താമസിക്കാൻ തീരുമാനിക്കുകയും, തന്റെ രണ്ട് വളർത്തുനായ്ക്കളെ സഞ്ജീബിന്റെ സംരക്ഷണയിൽ ഏൽപ്പിക്കുകയുമായിരുന്നു.
പിന്നീട് സഞ്ജീബ് യുവതിയെ വിഡിയോ കോൾ ചെയ്യുകയും, നായ്ക്കളിലൊന്നിനെ കയറിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ യുവതി ഉടൻ പ്രദേശവാസിയായ ഒരാളെ വിളിച്ച് ഫ്ലാറ്റിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം ഫ്ലാറ്റിലെത്തിയപ്പോൾ രണ്ട് നായ്ക്കളെയും ചത്ത നിലയിലും, മുറിയിലാകെ രക്തം തെറിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സംഭവമറിഞ്ഞ് നടിയും മൃഗസ്നേഹി പ്രവർത്തകയുമായ ദേബ്ലീന ദത്ത സ്ഥലത്തെത്തി. മൃഗസംരക്ഷണ സംഘടനാ പ്രവർത്തകർക്കൊപ്പം പ്രതിഷേധിച്ച അവർ, നായ്ക്കളുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നും പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരവികസന-മുൻസിപ്പൽ കാര്യ മന്ത്രി അഗ്നിമിത്ര പോളിനെയും ഇവർ ബന്ധപ്പെട്ടു.വിവരമറിഞ്ഞെത്തിയ ജാദവ്പുർ പോലീസ് സഞ്ജീബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇഷ്ടിക കൊണ്ട് ക്രൂരമായി അടിച്ചാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നായ്ക്കളിൽ ഒന്ന് നാടൻ ഇനത്തിലുള്ളതും മറ്റൊന്ന് ബീഗിൾ ഇനത്തിൽപ്പെട്ടതുമാണ്. രണ്ട് നായ്ക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.









