Headlines

‘അവർ തൊട്ടതെല്ലാം നശിച്ചു, കൂടുതൽ മോശമാക്കി’; വിമാന സർവീസുകൾ താറുമാറായതിൽ ബൈഡനെ പഴിചാരി ട്രംപ്

വാഷിങ്ടൻ ∙ അമേരിക്കയിലുടനീളം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ മണിക്കൂറുകളോളം തടസപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മേഖലയിലെ മാനേജ്‌മെന്റ് ദുരന്തമായിരുന്നു എന്ന് ട്രംപ് വിമർശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘അവർ തൊട്ടതെല്ലാം നശിച്ചു. വലിയ തുക വിവേകശൂന്യമായി ചെലവഴിച്ചതിലൂടെ, പഴയതും തകർന്നതുമായ ഒരു സംവിധാനത്തെ അവർ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മോശമാക്കി മാറ്റി’’ – ട്രംപ് കുറിച്ചു. എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിമാന സർവീസുകളും നാല് മണിക്കൂറിലധികം നിർത്തിവക്കേണ്ടി വന്നിരുന്നു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷമുണ്ടായ ഏറ്റവും ദൈർഘ്യമേറിയ വിമാന തടസമായിരുന്നിത്.

എയർ ട്രാഫിക് കൺട്രോളർമാരും പൈലറ്റുമാരും തമ്മിൽ ആശയവിനിമയം നടത്തുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ടെലികമ്യൂണിക്കേഷൻ ശൃംഖല നവീകരിക്കുന്നതിനിടെയാണ് തകരാർ സംഭവിച്ചത്. 1980കളിലെ പഴയ ചെമ്പ് വയറുകൾ മാറ്റി ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ഒരു റൂട്ടറിലുണ്ടായ സാങ്കേതിക തകരാർ രാജ്യത്തെ മറ്റ് എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളെയും താറുമാറാക്കുകയായിരുന്നു.