Headlines

ഇരു രാജ്യങ്ങളും ധാരണയിൽ എത്തി; ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും

ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഈ മാസത്തോടെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഈ മാസം അവസാനത്തോടെ ആയിരിക്കും സർവീസുകൾ പുനരാരംഭിക്കുക.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ സംഘർ‌ഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി റൗണ്ട് സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ഇറക്കുമതികളിൽ കൂടുതൽ സൂക്ഷ്മ പരിശോധന നടത്തിയതും, പകർച്ചവ്യാധിയുടെ സമയത്ത് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളെ ബാധിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേയ്ക്ക് മടങ്ങുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള കേന്ദ്ര നീക്കം.