കൊച്ചി ∙ ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ മാറ്റുമ്പോഴുള്ള പഴയ വാഹനങ്ങളും മറ്റു ലോഹവസ്തുക്കളും ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും തന്ത്രിമാർക്ക് അവയിൽ അവകാശമില്ലെന്നും ഹൈക്കോടതി. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കു നേതൃത്വം നൽകാനും മേൽനോട്ടം വഹിക്കാനും തന്ത്രിമാർക്ക് അധികാരമുണ്ടെങ്കിലും ദേവന്റെ സ്വത്തിൽ ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ലെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റിസ്ഥാപിക്കുമ്പോൾ പഴയ കൊടിമരത്തിനു മുകളിലുള്ള വാഹന രൂപം തന്ത്രിക്കു ദാനമായി നൽകണമെന്ന ആചാരപരമായ അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക സഭയുടെ ചെയർമാനം വൈസ് ചെയർമാനുമായ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി, എൻ.വിഷ്ണു നമ്പൂതിരി എന്നിവരാണു ഹർജി നൽകിയത്.







