Headlines

ശബരിമല സ്വര്‍ണ്ണക്കൊള്ള; 2019 ല്‍ കട്ടിള പാളി കൊണ്ടു പോയത് ബോര്‍ഡ് അറിഞ്ഞില്ലെന്ന വാദം നിലനില്‍ക്കില്ല; തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകര്‍പ്പ് പുറത്ത്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കുരുക്ക്. 2019 ല്‍ കട്ടിള പാളി കൊണ്ടു പോയത് ബോര്‍ഡ് അറിഞ്ഞില്ലെന്ന വാദം നിലനില്‍ക്കില്ല. സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ തീരുമാന പ്രകാരമെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകര്‍പ്പ് ലഭിച്ചു.

20013ലാണ് ദേവസ്വം ആക്റ്റ് ഭേദഗതി ചെയ്യുന്നത്. ദേവസ്വം ബോര്‍ഡിന്റെ യോഗങ്ങളില്‍ കണ്‍വീനര്‍ സ്ഥാനമാണ് സെക്രട്ടറിക്ക് ചെയര്‍മാന്‍ സ്ഥാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനാണ്. ഏതെങ്കിലും തരത്തിലൊരു ഉത്തരവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കണമെങ്കില്‍ അതില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങണം – എന്നാണ് 2013ലെ നിയമത്തില്‍ പറയുന്നത്. ഈ ചട്ടം നിലനില്‍ക്കേയാണ് 2019ല്‍ കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം സെക്രട്ടറി ഒരു പ്രത്യേക ഓര്‍ഡര്‍ തയാറാക്കിയത്. ഈ ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വിടുന്നത്.

ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒഴിഞ്ഞാമാറാന്‍ കഴിയില്ല. പ്രത്യേക അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. കാരണം, ദേവസ്വം ബോര്‍ഡിന് കൂടി ഇക്കാര്യത്തില്‍ പങ്കുണ്ട് എന്നുള്ളതാണ് എസ്‌ഐടി വിലയിരുത്തുന്നത്. സ്വന്തം നിലയ്ക്ക് ഒരു ഓര്‍ഡര്‍ ഇറക്കി നടപ്പാക്കാന്‍ സെക്രട്ടറിക്ക് അധികാമില്ല. മറിച്ച്, ദേവസ്വം ബോര്‍ഡിന് കൂടി വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കുന്നത് എന്ന് കൂടിയാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ഇറക്കിയ ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ എങ്ങനെ വരും എന്നുള്ളതാണ് എസ്‌ഐടി ഇപ്പോള്‍ അന്വേഷിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സിന്റെ അജണ്ടയില്‍ ഇത് എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. ഔട്ട് ഓഫ് അജണ്ടയായി കൊണ്ട് വന്നതാകാം എന്നതാണ് വിലയിരുത്തല്‍.

അതേസമയം, സ്വര്‍ണ്ണക്കൊള്ളയില്‍ പമ്പാ സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ എസ്‌ഐടിക്ക് കൈമാറി. അഞ്ചു പരാതികളാണ് കൈമാറിയത്.
ക്രൈംബ്രാഞ്ച് കേസെടുത്തു പശ്ചാത്തലത്തിലാണ് നടപടി. വിവിധ സംഘടനകളും വ്യക്തികളുമാണ് പമ്പാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.