Headlines

എം.ജി സർവകലാശാലയിലെ മാധ്യമ വിലക്ക് പിൻവലിക്കണം; ഏകാധിപത്യ നടപടി അനുവദിക്കില്ല, മന്ത്രി റോജി എം ജോൺ

കോട്ടയം: എം.ജി സർവകലാശാലയിലെ മാധ്യമ വിലക്കിൽ വിമർശനം ശക്തം. വിലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമ വിലക്കിനെ വിമർശിച്ച് ഏറ്റുമാനൂർ MLA നാട്ടകം സുരേഷ് രംഗത്തെത്തി.

അതിനിടെ മാധ്യമ വിലക്കിൽ വിശദീകരണവുമായി എംജി സർവകലാശാല രംഗത്ത് വന്നു. മാധ്യമപ്രവർത്തകരെ സർവകലാശാലയിൽ നിന്ന് വിലക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, വിലക്കിയത് വിസിയുടെ അനുമതി ഇല്ലാതെ വാർത്ത ശേഖരിച്ചതിനുമെന്നാണ് പ്രതികരണം. അനുമതിയില്ലാതെ വാർത്ത ശേഖരിച്ചത് സർവകലാശാലയുടെ അക്കാദമിക് അന്തരീക്ഷത്തെ ബാധിച്ചു. ചിലർ സർവകലാശാലക്ക് ഉള്ളിൽ വെച്ച് നൽകുന്ന പ്രതികരണങ്ങൾ ഔദ്യോഗിക നിലപാടായി തെറ്റി ധരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഉത്തരവ് ഇറക്കിയത്. പുറത്തുനിന്നുള്ള സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെ, സുതാര്യമാക്കാൻ വേണ്ടിയാണ് നിയന്ത്രണം.

വാർത്ത ശേഖരണത്തിന് അനുമതിയോടുകൂടി സർവകലാശാലയിൽ പ്രവേശിക്കാം. ഔദ്യോഗിക പ്രതികരണങ്ങൾ തേടുന്നതിനുമായി മാധ്യമപ്രവർത്തകർക്ക് തടസ്സവുമില്ല. അതിനായി പിആർഒ മുഖേന അനുമതി വാങ്ങണം എന്ന് വിശദീകരണം. ജനാധിപത്യപരമായി അനുവദനീയമായ എല്ലാ സ്വാതന്ത്ര്യത്തെയും സർവകലാശാല പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ സർവകലാശാല വ്യക്തമാക്കി.