ഫ്രഞ്ച് മാഗസിനായ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ യൂറോപ്പിന്റെ പ്രഫഷണല്‍ ഫുട്‌ബോള്‍ കൂട്ടായ്മയായ യുവേഫയുടെ സഹകരണത്തോടെ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കായി നല്‍കുന്ന അവാര്‍ഡ് ആണ് ‘ബാലണ്‍ ഡി ഓര്‍’. ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ ആണ് 2026-ലെ പുരസ്‌കാരം നേടിയത്. ഇപ്പോള്‍ ഇതാ ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്പാനിഷ് പ്രതിരോധ താരം കുകുറെല്ല. ഒരു സ്പാനിഷ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹാരികെയ്ന്‍ ബാലണ്‍ ഡി ഓര്‍ നേടിയത് അനീതിയായിരുന്നോ എന്ന ചോദദ്യത്തിന് ‘അതൊരു അനീതിയാണെന്ന് ഞാന്‍ പറയില്ല. കാരണം അദ്ദേഹത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ കെയ്ന് ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ കഴിയാത്തത്ര മികച്ച സംഖ്യകളാണവ. ആ അര്‍ത്ഥത്തില്‍, അദ്ദേഹം ഒരു മികച്ച സീസണിലൂടെയാണ് കടന്നുപോയത്. എങ്കിലും, വ്യക്തിപരമായി തനിക്ക് കൂടുതല്‍ താല്‍പ്പര്യം യമാലിനോടായിരുന്നുവെന്നായിരുന്നു കുകുറെല്ലയുടെ പ്രതികരണം. ഒരു ഫുട്‌ബോള്‍ ആരാധകന്‍ എന്ന നിലയില്‍, യമാലിനെപ്പോലെയുള്ള താരങ്ങളെ കാണാനാണ് ഞാന്‍ ടിവി ഓണ്‍ ചെയ്യുക; അതിനാല്‍ ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍ അര്‍ഹതയില്ലെന്നല്ല, പക്ഷേ സത്യം പറഞ്ഞാല്‍ കെയ്‌ന് പുരസ്‌കാരം ലഭിച്ചതില്‍ എനിക്ക് ചെറിയൊരു അത്ഭുതം തോന്നുന്നുണ്ട്.- കുകുറെല്ല പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ന് ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഹാരികെയ്ന്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 33 കാരനായ ഇംഗ്ലീഷുകാരന്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ വിജയിയാകുന്നത്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ രണ്ടാം സ്ഥാനത്തും ലാമിന്‍ യമാല്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.







