Headlines

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി. മരുന്ന് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരികെ വന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാര്‍ ജീവാലെയാണ് കാണാതായത്. ഹാര്‍ബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 12 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തില്‍ നിന്ന് കപ്പല്‍ വില്ലിങ്ടണ്‍ ഐലന്റിലെത്തിയത്. ഒരു മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് ഇദ്ദേഹം കപ്പലില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. ഇന്നലെയും ഇന്നുമായി ശക്തമായ തിരച്ചില്‍ നടത്തിയിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്നാണ് കപ്പല്‍ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരിസരത്തെ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.