നാടിനും സഹപ്രവര്‍ത്തകര്‍ക്കും തീരാ നോവായി സോണി കൊട്ടാരക്കരയില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കിണര്‍ ഇടിഞ്ഞുവീണ് മരിച്ച ഫയര്‍മാന്‍ സോണി എസ് കുമാര്‍. സംഭവം നടന്ന മുണ്ടുപാറയിലേക്ക് സോണി എസ് കുമാര്‍ എത്തുന്നത് മറ്റൊരു രക്ഷപ്രവര്‍ത്തനം കഴിഞ്ഞായിരുന്നു. സ്‌നേഹ നിധിയായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു.
8 വര്‍ഷം മുന്‍പാണ് കേരള ഫയര്‍ഫോഴ്സില്‍ സോണി എസ് കുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഇളമാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സോണി എസ് കുമാറും ആറംഗ സംഘവും യാത്ര തിരിച്ചു. 12 മണിയോടെ അവിടുത്തെ 2 ഇടങ്ങളിലെയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കൊട്ടാരക്കരയിലേക്ക് മടങ്ങി വരുമ്പോഴാണ് കടപ്പാക്കട ഫയര്‍ സ്റ്റേഷനില്‍ നിന്ന് സോണി എസ് കുമാറിനും സംഘത്തിനും മറ്റൊരു ഫോണ്‍വിളി എത്തുന്നത്.
മുണ്ടുപാറയില്‍ ഒരു സ്ത്രീ കിണറ്റില്‍ വീണുവെന്നായിരുന്നു സന്ദേശം. ഒട്ടും കാത്തു നില്‍ക്കാതെ സംഭവസ്ഥലത്തേക്ക് സോണിയും സംഘവും യാത്ര തിരിച്ചു. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാനായി സോണി കിണറ്റില്‍ ഇറങ്ങി.
രക്ഷാപ്രവര്‍ത്തനം വിജയകരമായി പുരോഗമിക്കുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തില്‍ സോണി എസ് കുമാറിനെ തേടി എത്തുന്നത്. കിണറിന്റെ കൈവരികള്‍ ഇടിഞ്ഞ് സോണിയുടെ മുകളിലേക്ക് വീണു. എന്തു ചെയ്യണമെന്ന് അറിയാതെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ നിശ്ചലരരായി. സോണി എസ് കുമാറിനെ അധികം വൈകാതെ പുറത്ത് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കര്‍മ്മ നിരതനും, സ്‌നേഹധിയുമായ സഹപ്രവര്‍ത്തകനുമായിരുന്നു സോണി എസ് കുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരുക്കാണ് സോണി എസ് കുമാറിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.