Headlines

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു; ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊട്ടാരക്കര ആനക്കോട്ടൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവ കൃഷ്ണന്‍(23) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു.

ഇന്നലെ രാത്രിയോടെ അര്‍ച്ചനയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അര്‍ച്ചനയേയും കുട്ടികളേയും ശിവകൃഷ്ണന്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും ഫയര്‍മാന്‍ സോണി കിണറ്റിലിറങ്ങി അര്‍ച്ചനയെ മുകളിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇരുവരും മുകളിലെത്താറായപ്പോഴാണ് കിണറിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് രണ്ടുപേരും കിണറ്റിലേക്ക് വീഴുന്നത്. കിണറിന്റെ തൊട്ടടുത്ത് നിന്നിരുന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സോണിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശിവകൃഷ്ണന്റേയും അര്‍ച്ചനയുടേയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.