കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സുപ്രീംകോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയതിന് പിന്നിൽ ടി വി കെ ആണെന്ന് ഡി എം കെ യുടെ ആരോപണം. ഹർജികൾ കബളിപ്പിച്ചും പണം നൽകിയും തയ്യാറാക്കിയതാണെന്നാണ് ആരോപണം. മരണത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ടിവികെ ഉൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നതായും ഡിഎംകെ വിമർശിച്ചു.
നേരായ വഴിയിൽ അല്ല ടി വി കെ അവരുടെ ഹർജികൾ കോടതിയിൽ എത്തിച്ചത് എന്ന് ഉദാഹരണസഹിതം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഡി എം കെ. ദുരന്തത്തിൽ മരിച്ച പനീർസെൽവത്തിന്റെ അച്ഛൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇയാൾ വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയതാണെന്നും ടി വി കെ പണം നൽകി ഇയാളിൽ നിന്ന് ഹർജി വാങ്ങിയതാണെന്നും ഡി എം കെ സംഘടനാ ജനറൽ സെക്രട്ടറി ആർ എസ് ഭാരതിയുടെ വാർത്തകുറിപ്പിൽ പറയുന്നു. അപകടത്തിൽ ഭാര്യയെ നഷ്ടമായ സെൽവരാജിനെ എഐഎഡിഎംകെ നേതാവ് കബളിപ്പിച്ച് ഹർജിയിൽ ഒപ്പിടീപ്പിച്ചു. ഇതിനൊക്കെ ബിജെപിയുടെയും എഐഎഡിഎംകെയുടെയും സഹായം ടിവികെയ്ക്ക് കിട്ടി. ഒരു പടികൂടി കടന്ന് ടി വി കെ ബിജെപിയുടെയും എഐഎഡിഎംകെയുടെയും പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും ഡിഎംകെ വിമർശിക്കുന്നു.
മരണത്തിൽ നിന്ന് ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും കുറിപ്പിൽ ഉണ്ട്. ടി വി കെ എൻ ഡിഎ സഖ്യത്തോട് അടുക്കുന്നു എന്ന ചർച്ചകൾ സജീവമായതിന് പിന്നാലെയാണ് മൂന്ന് പാർട്ടികളെയും വിമർശിച്ചുള്ള ഡി എം കെ യുടെ പ്രതികരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സർക്കാരിനും സുപ്രീംകോടതിയിൽ നിന്ന് നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നിരുന്നു. കേസിൽ നാളെ വിധിപറയും.