കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയില് മൂന്നു വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസർജ്ജനം നടത്തിയതിന് അടിച്ചുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.
ക്ലാസിൽ വിസർജിച്ചു എന്നാരോപിച്ച് മൂന്ന് വയസ്സുകാരനെ അധ്യാപിക തല്ലി എന്നാണ് പരാതി. വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് ദേഹത്ത് പാട് കണ്ടത്. തുടർന്ന് കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ടീച്ചർ അടിച്ചതാണ് എന്ന് അറിയുന്നത്. തുടർന്ന് കുട്ടിയുടെ അച്ഛൻ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പരാതി വന്നതിന് പിന്നാലെയാണ് അധ്യാപികയെ ഐസിഡിഎസ് സസ്പെൻഡ് ചെയ്തു.അധ്യാപിക അടിച്ചെന്ന് മറ്റുകുട്ടികളും പറഞ്ഞെന്നും വാർഡ് മെമ്പർ ഉൾപ്പെടെ പരാതി ഒത്തുതീർക്കാനാണ് ശ്രമിച്ചതെന്നും അച്ഛൻ ആരോപിച്ചു.








