Headlines

സിനിമ ചോദിച്ച് ആദ്യ മെസേജ്; ഗ്രൂപ്പിൽ അംഗമാകാൻ നിർദേശം: ലിങ്ക് തുറക്കുമ്പോൾ അശ്ലീലദൃശ്യങ്ങൾ

ആലപ്പുഴ ∙ സിനിമയുടെ വ്യാജ പതിപ്പുകളുടെ ചൂണ്ടയിൽ കുരുക്കി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ ടെലിഗ്രാം ആപ്പിൽ സജീവം. പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളിൽ കൂടുതലും കുട്ടികളുടേതാണെന്നതു വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സിനിമ ചോദിച്ച് ടെലിഗ്രാം ഗ്രൂപ്പുകളിൽ മെസേജ് അയയ്ക്കുന്നവരോടു മറ്റൊരു ഗ്രൂപ്പിൽ അംഗമാകാൻ ആവശ്യപ്പെടുന്നതാണു തുടക്കം. അംഗമായിക്കഴിഞ്ഞായിരിക്കും അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതോ ഓൺലൈൻ ട്രേഡിങ് നടത്തുന്നതോ ആയ ഗ്രൂപ്പുകളാണിതെന്നു മനസ്സിലാകുക. ഈ ഗ്രൂപ്പിൽ നിന്നു ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോൾ അശ്ലീലദൃശ്യങ്ങളാകും കാണുക. ലിങ്ക് തുറന്നയാളുടെ കോൺടാക്ടിലുള്ള മറ്റുള്ളവരിലേക്കും അതേസമയം തന്നെ ഈ അശ്ലീലദൃശ്യങ്ങൾ ഷെയർ ചെയ്യപ്പെടുമെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടെലിഗ്രാം അക്കൗണ്ട് മറ്റൊരു ഡിവൈസുമായി കണക്ട് ചെയ്യപ്പെടുന്നതിനാലാണിത്. അതിൽ നിന്നാണ് മറ്റുള്ളവർക്കു സന്ദേശങ്ങൾ പോകുന്നത്.കെണികൾ അവിടെയും തീരുന്നില്ല. ഒരു ഗ്രൂപ്പിൽ ചേരുമ്പോൾ തന്നെ സമാനമായ മറ്റു നിയമവിരുദ്ധ ഗ്രൂപ്പുകളിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പിന്നാലെയെത്തും. സ്ത്രീയാണു ഗ്രൂപ്പിൽ ചേർന്നതെന്നു മനസ്സിലായാൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വരും. ചില ഗ്രൂപ്പുകളിൽ അംഗമാകാൻ ഫീസ് ഉണ്ട്. കെണിയിൽപെടുന്നവർ നാണക്കേട് ഭയന്നു പരാതിപ്പെടാറില്ലെന്നു സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ‌ടെലിഗ്രാം ആപ്പ് വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഓപ്പറേഷൻ പി–ഹണ്ടിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ വിഡിയോ ദൃശ്യങ്ങൾ മാത്രം വച്ച് പ്രായം തെളിയിക്കാനാകില്ല എന്നതിനാൽ കോടതിയിലെത്തുമ്പോൾ കേസ് തള്ളിപ്പോകുന്നു. വിഡിയോകൾ കൂടുതലും മറ്റു രാജ്യങ്ങളിലെ കുട്ടികളുടേതായതിനാൽ പരാതിക്കാരുമുണ്ടാവില്ല.