ഇറാനുമായുള്ള സംഘർഷം പുതിയൊരു തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ രഹസ്യ ഭൂഗർഭ ആണവ സമുച്ചയമായ ‘പിക്ആക്സ് മൗണ്ടൻ’ (Pickaxe Mountain) ആക്രമിക്കേണ്ടി വന്നേക്കാമെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, സൈനിക നടപടികൾക്കുള്ള സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാൻ അമേരിക്ക തയ്യാറായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഒരു മാധ്യമത്തിന് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾക്ക് പിക്ആക്സ് തകർക്കേണ്ടി വന്നേക്കാം. എപ്പോൾ വേണമെങ്കിലും, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾക്ക് അത് ചെയ്യാൻ സാധിക്കും” എന്ന് ട്രംപ് പറഞ്ഞു. കരാറിലെത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഒരു കരാറിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വഴി ധാരാളം ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്താണ് ‘പിക്ആക്സ് മൗണ്ടൻ’?
ഇറാന്റെ രഹസ്യ ഭൂഗർഭ ആണവ സമുച്ചയങ്ങളിലൊന്നാണ് പിക്ആക്സ് മൗണ്ടൻ. ഏകദേശം 300 അടി കനമുള്ള ഉറച്ച ഗ്രാനൈറ്റ് പാറകൾക്ക് അടിയിലായാണ് ഈ ഭൂഗർഭ തുരങ്കങ്ങളും ആണവ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. സാധാരണ ആയുധങ്ങൾ ഉപയോഗിച്ച് ഇവ തകർക്കുക എളുപ്പമല്ല. അതിനാൽ ഈ കേന്ദ്രം ലക്ഷ്യമിട്ട് അമേരിക്ക ആണവ ആക്രമണത്തെക്കുറിച്ചോ അല്ലെങ്കിൽ യുഎസ് ആയുധശേഖരത്തിലെ ഏറ്റവും വലിയ നോൺ-ന്യൂക്ലിയർ ബോംബായ MOAB (Massive Ordnance Air Blast Bomb – “മദർ ഓഫ് ഓൾ ബോംബ്സ്”) ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
രഹസ്യ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും
ടെഹ്റാനെതിരെ പുതിയ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, യുഎസ് സൈനികർ ഇറാനിലെ ഖെഷം ഐലൻഡിൽ ആക്രമണങ്ങൾ നടത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ യുഎസ് ആസ്തികൾക്ക് നേരെ മിസൈൽ ഭീഷണികൾ ഉണ്ടായതിനെ തുടർന്നാണ് അമേരിക്കൻ സൈനികർ ലിമിറ്റഡ് ഡിഫൻസീവ് ആക്രമണങ്ങൾ നടത്തിയത്. ഈ ആക്രമണങ്ങൾ ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിൽ വലിയ സ്ഫോടന പരമ്പരകൾക്ക് കാരണമായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു.
നെതന്യാഹുവിന്റെ സമ്മർദ്ദവും നയതന്ത്ര നീക്കങ്ങളും
അതിനിടയിൽ, യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾ പരിഗണിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച ട്രംപും നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു.
ഇറാനുമായുള്ള ചർച്ചകളെക്കുറിച്ചും സൈനിക നീക്കങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ആക്രമണങ്ങൾ നടത്താൻ നെതന്യാഹു ആവശ്യപ്പെട്ടപ്പോൾ, നയതന്ത്ര ശ്രമങ്ങൾക്ക് കുറച്ചുകൂടി സമയം നൽകാനാണ് ട്രംപ് ആഗ്രഹിച്ചതത്രെ.
മറുവശത്ത്, വാഷിങ്ടണും ടെഹ്റാനും തമ്മിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വൻസും പ്രകടിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആറിലധികം മാസത്തെ ബോംബാക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷം ഇതുവരെയും നയതന്ത്രതലത്തിൽ ശാശ്വത പരിഹാരമായിട്ടില്ലെങ്കിലും, ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. വരുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തിരിച്ചടി നേരിടാതിരിക്കാൻ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന ശക്തമായ സമ്മർദ്ദവും ട്രംപ് നേരിടുന്നുണ്ട്.









