ജറുസലം ∙ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് വിജയം. 53 സീറ്റാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് ലഭിച്ചത്. എന്നാൽ കേവലഭൂരിപക്ഷമായ 61 സീറ്റ് നേടാനാകാത്തതോടെ അനിശ്ചിതത്വം തുടരുകയാണ്. നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്.
ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് 64 സീറ്റ് ഉണ്ടായിരുന്നതാണ് 53 ആയി കുറഞ്ഞത്. അതേസമയം, 19 സീറ്റു നേടിയ അറബ് സഖ്യമാണ് ഇസ്രയേലിന്റെ ഗതി നിർണയിക്കുകയെന്ന് ഏറക്കുറെ വ്യക്തമായി. ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 27 സീറ്റാണ് ലഭിച്ചത്.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സഖ്യം രൂപീകരിച്ച് ഭരണം പിടിക്കാനുള്ള ചർച്ചകൾ സജീവമാണ്. ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഇനി 8 സീറ്റും പ്രതിപക്ഷത്തിന് ഭൂരിപക്ഷം നേടാൻ 13 സീറ്റും വേണം. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭരണം പിടിക്കാനാവില്ല. എന്നാൽ, അറബ് പാർട്ടികളുടെ പിന്തുണ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
മുൻപ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്ർ ലപീദും നയിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ടുഗെതറിന് 9.07% വോട്ടുണ്ട്; 12 സീറ്റ് ഉറപ്പ്. അവിഗ്ദോർ ലീബർമാന്റെ ഇസ്രയേൽ ഔർ ഹോം പാർട്ടിക്ക് 5.93% വോട്ട്; 7 സീറ്റ്. നെതന്യാഹുവിനൊപ്പമുള്ള ഇത്മർ ബെൻഗ്വിറിന്റെ പാർട്ടിക്ക് 5.58% വോട്ടു മാത്രം; 7 സീറ്റ്. ഇതേ സഖ്യത്തിലെ ബെസലേൽ സ്മോട്രിച്ചിന്റെ പാർട്ടിക്ക് 4.78% വോട്ടും 6 സീറ്റും.
ഇതിനിടെ, അറബ് പാർട്ടികൾ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയെന്ന ആരോപണം നെതന്യാഹു ആവർത്തിച്ചു. വിദേശത്തെ തൽപരകക്ഷികൾ വോട്ടർമാർക്ക് പണം നൽകിയെന്നും പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഉത്തരവിട്ടു. വോട്ടെണ്ണൽ ഇന്നു പൂർത്തിയാകുമെന്നാണു പ്രതീക്ഷ. നവംബർ 4ന് ഔദ്യോഗിക ഫലം പുറത്തുവിടും.
ഐക്യസർക്കാർ: സാധ്യത വിദൂരം
അറബ് പാർട്ടികളുടെ പിന്തുണ വേണ്ടെന്ന പ്രതിപക്ഷ നിലപാടാണ് സ്തംഭനാവസ്ഥ രൂക്ഷമാക്കുന്നത്. ആശയങ്ങളും ആദർശങ്ങളും മാറ്റിവച്ചുള്ള ഐക്യസർക്കാർ രൂപീകരണത്തിനുള്ള നീക്കം പല സാധ്യതകളിലൊന്നാണെങ്കിലും അതിവിദൂരമാണ്. നെതന്യാഹുവിന്റെ ലിക്കുഡ് (26), ഐസൻകോട്ടിന്റെ യാഷർ (21), ലീബർമാന്റെ ഇസ്രയേൽ ഔർ ഹോം (7 ), ബെന്നറ്റിന്റെ ടുഗെതർ (12) എന്നീ പാർട്ടികൾ കൈകോർത്ത് 66 സീറ്റ് ഉറപ്പാക്കി സർക്കാരുണ്ടാക്കാം. ഇനി, സർക്കാർ രൂപീകരിക്കാനായി പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ആദ്യം ക്ഷണിക്കുന്നത് ഐസൻകോട്ടിനെയാണെങ്കിൽ, അറബ് പാർട്ടികളുമായി ചേരുന്നത് തിരഞ്ഞെടുപ്പു വാഗ്ദാന ലംഘനമാകും. ഐസൻകോട്ട് നയിക്കുന്ന സഖ്യവുമായി സഹകരിക്കാൻ തയാറാണെന്ന് അറബ് പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്.







