ചിറയിൻകീഴ് ∙ അപ്രതീക്ഷിതമായി എത്തിയ വറ്റ ചാകരയിൽ ആഘോഷ പ്രതീതിയിലാണ് അഞ്ചുതെങ്ങ്–പെരുമാതുറ കടലോരവും മത്സ്യമേഖലയിലുള്ളവരും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണു വറ്റ മീനിന്റെ ലഭ്യതയിൽ വലിയ മാറ്റമുണ്ടായതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്കു മത്സ്യലഭ്യത കുറവായിരുന്നതു മേഖലയിലൊട്ടാകെ ബാധിച്ചിരുന്നു. ആവശ്യമായ മീൻ കിട്ടാത്തതു കൂലി കൊടുക്കുന്നതിനും എൻജിൻ ബോട്ടുകളുടെ പ്രവർത്തന ചെലവുകൾക്കും തികയാതെ പലരും മീൻപിടിത്തം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി ചുരുക്കേണ്ട സ്ഥിതിയിലായിരുന്നു.
മീൻ വാങ്ങാനെത്തിയവരുടെ തിരക്കുകൊണ്ടും ലേലപ്പുരയിലാകെ വറ്റമീൻ നിറച്ച ക്യാരിയറുകളാലും തുറമുഖ കേന്ദ്രം രാപകൽ വ്യത്യാസമില്ലാതെ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ആദ്യ ദിനങ്ങളിൽ ഏകദേശം വലിയൊരു വറ്റയ്ക്കു കിലോയ്ക്കു 280 രൂപയാണു വിലയായി നൽകിയതെങ്കിൽ ഇപ്പോൾ അതു 105 രൂപയായി താഴ്ന്നു കഴിഞ്ഞു. 10 മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള വറ്റകളാണു ചാകരയിലേറെയും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 12 കോടിയിലേറെ രൂപയുടെ കച്ചവടം നടന്നതായി മത്സ്യമേഖലയിലുള്ളവർ അറിയിച്ചു.








