ധാക്ക∙ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണം നേരിടുന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയിലെ ഉത്തരഖാൻ മേഖലയിലുള്ള രാജാബാരി ഘട്ടിന് സമീപം തുരാഗ് നദിയിൽനിന്നാണ് കെ.എം. തഹ്സീഫ് സൗരിയുടെ (28) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പൊലീസ് നദിയിൽനിന്നു മൃതദേഹം കണ്ടെടുത്തത്.പകൽ മുഴുവൻ തഹ്സീഫ് വീട്ടുകാരോടൊപ്പം ഉണ്ടായിരുന്നെന്നും വൈകുന്നേരം ഒരു സുഹൃത്ത് വിളിച്ചതിനു പിന്നാലെയാണു വീട്ടിൽനിന്നിറങ്ങിയതെന്നും കുടുംബം പറഞ്ഞു. എന്നാൽ പിന്നീട് യുവാവുമായി ബന്ധപ്പെടാൻ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. രാത്രി 1:35 ന്, വീട്ടിലേക്കു മടങ്ങുകയാണെന്ന് തഹ്സീഫ് അമ്മയ്ക്കു സന്ദേശമയച്ചിരുന്നു. തൊട്ടുത്ത ദിവസമാണ് നദിയിൽനിന്ന് തഹ്സീഫിന്റെ മൃതദേഹം കണ്ടെത്തിയത്.
2024 ൽ ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ തഹ്സീഫ് നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും നടന്നതു കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ‘‘എന്റെ സഹോദരൻ കൊല്ലപ്പെട്ടതാണ്. അവൻ ചെയ്ത തെറ്റ് എന്താണ്? ഹസീന പലായനം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചതോ? ആ വിഡിയോ അവൻ സ്വന്തമായി പകർത്തിയതുപോലുമല്ല. ഒരു പൗരനെന്ന നിലയിൽ പങ്കുവയ്ക്കുക മാത്രമാണു ചെയ്തത്. അവന്റെ സഹപ്രവർത്തകരിലൊരാളാണ് അത് റെക്കോർഡ് ചെയ്തത്’’– തഹ്സീഫിന്റെ ബന്ധു ജഹാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ആ വിഡിയോയുടെ പേരിൽ തഹ്സീഫിനെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും മാനസികമായി പീഡിപ്പിച്ചെന്നും ബന്ധു വ്യക്തമാക്കി.
തഹ്സീഫ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്കു വേണ്ടി പ്രവർത്തിച്ചു എന്ന് ജമാഅത്തെ ഇസ്ലാമി അനുകൂല പത്രമായ ‘അമർ ദേശ്’ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ തഹ്സീഫിനെ സർവീസിൽനിന്ന് പിരിച്ചുവിടുകയും രണ്ടു വർഷത്തേക്ക് പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പോഡ്കാസ്റ്റിൽ തനിക്കെതിരായ ആരോപണം തഹ്സീഫ് നിഷേധിച്ചിരുന്നു.







