Headlines

‘വോട്ട് ചെയ്തത് വിദ്യാസമ്പന്നർ, സാധാരണക്കാരല്ല’, വാരാണസിയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പറഞ്ഞ് BJP മന്ത്രി

ലഖ്‌നൗ: വാരാണസി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതുജനങ്ങളുടെ വിധിയെയല്ലെന്നും മറിച്ച് വിദ്യാസമ്പന്നരായ വോട്ടര്‍മാരുടെ അഭിപ്രായത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) ബിജെപിയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ലഖ്നൗ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ സീറ്റ് ബിജെപിക്ക് നഷ്ടപ്പെടുകയും അവിടെ സമാജ്വാദി പാര്‍ട്ടി വിജയിക്കുകയും ചെയ്തിരുന്നു. ആകെ ഉണ്ടായിരുന്ന 11 സീറ്റുകളില്‍ അഞ്ചെണ്ണവും പ്രതിപക്ഷ പാര്‍ട്ടിയായ എസ്പി സ്വന്തമാക്കി.’ജനങ്ങളുടെ വിധി വന്നിരിക്കുന്നു. ഇത് വിദ്യാസമ്പന്നരായ ആളുകളുടെ വിധിയാണ്, ജനവിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് സാധാരണക്കാരുടെയല്ല, വിദ്യാസമ്പന്നരുടെ വോട്ടുകളാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ഇതേ വിദ്യാസമ്പന്നര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തില്ല. അപ്പോള്‍ സാധാരണ വോട്ടര്‍മാരെയാകും ബൂത്തുകളില്‍ കാണാന്‍ കഴിയുക,’ എന്നാണ് രാജ്ഭര്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 11 സീറ്റുകളില്‍ ആറെണ്ണം ബിജെപി നേടി. വാരാണസിയിലെ രണ്ടെണ്ണം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എസ്പി സ്വന്തമാക്കി. 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ എംഎല്‍സി തെരഞ്ഞെടുപ്പ്, ബിജെപിയും എസ്പിയും തമ്മിലുള്ള ഒരു അഭിമാനപ്പോരാട്ടമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. വിജയിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ എസ്പി (സമാജ്വാദി പാര്‍ട്ടി) വിജയിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശമുണ്ടായി. ബിജെപി തങ്ങളുടെ മുന്‍കാല പ്രകടനം ആവര്‍ത്തിക്കുകയാണുണ്ടായതെന്നും, എന്നാല്‍ ഫലങ്ങള്‍ അവലോകനം ചെയ്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.