തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായുള്ള തർക്കത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധതയെന്നും, വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് ആവാൻ ഉടുപ്പ് തയ്ച്ചുവച്ച് ഇരിക്കുന്ന ചിലർ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ.രാഷ്ട്രീയപക്ഷാപാദം വെച്ച് പെരുമാറുന്ന ആളല്ല നിലവിലെ ദേവസ്വം പ്രസിഡന്റെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ അപമാനിക്കാൻ ആണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മന്ത്രി അത് തിരുത്തണമെന്ന് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. വെടക്കാക്കി തനിക്കാക്കാനാണ് സർക്കാർ ശ്രമമെന്ന് അദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിനെ ദുർബലനാക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.അതേസമയം മുഖ്യമന്ത്രി ഇടപെട്ടതോടെ ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുക്കം. മന്ത്രി കെ. മുരളീധരനെ ഇന്ന് നേരിൽക്കണ്ട് പ്രസിഡൻറ് കെ. ജയകുമാർ, മണ്ഡലകാലത്തേക്ക് നടപ്പാക്കിയ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗവും ഇന്ന് നടക്കും.
ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധത; ദേവസ്വം പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിക്കുന്നു: കടകംപള്ളി സുരേന്ദ്രൻ







