ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ‘സീരിയൽ കില്ലർ’ ഭീതി വിതയ്ക്കുന്നു. 2 മാസത്തിനിടയിൽ 9 സ്ത്രീകളാണ് പരമ്പര കുറ്റവാളിയെന്നു കരുതുന്നയാളുടെ ഇരയായത്. ഒരാൾ തന്നെയാണോ കൊലപാതകിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും കൊലപാതകത്തിലെ സമാനതകൾ അതിലേക്കാണു വിരൽചൂണ്ടുന്നത്. കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ് നട്ടംതിരിയുമ്പോൾ നഗരം ഭീതിയിലാണ്.
എകുർഹുലേനി മുനിസിപ്പാലിറ്റി മേഖലയിലാണ് കഴിഞ്ഞ ജൂലൈക്കു ശേഷം 8 സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. 9–ാമത്തെ സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഡോൺ പാർക്കിനു സമീപം റോഡിൽ ഷീറ്റിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. 30 വയസ്സു തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. വൈകിട്ട് നടക്കാനിറങ്ങിയ 38 കാരിയെയാണ് ആദ്യം കാണാതായത്. 3 ദിവസത്തിനു ശേഷം കെംപ്ടൻ പാർക്കിനു സമീപം മൃതദേഹം കണ്ടെത്തി. മറ്റുള്ളവരും കാണാതായി ഏതാനും ദിവസത്തിനു ശേഷം റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 8 മൃതദേഹങ്ങളിലും കൊല ചെയ്തതു സംബന്ധിച്ച് പൊതുവായ ചില സൂചനകളുണ്ട്. അർധനഗ്നമായ മൃതദേഹങ്ങളിൽ പരുക്കുകളുണ്ട്. മിക്കവരും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കൊലയാളി ഒരാളാണെന്ന സൂചന വരാൻ കാരണം ഇതാണ്.
കുറ്റവാളികളെപ്പറ്റി വിവരം നൽകുന്നവർക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുവിലകൊടുത്തും കുറ്റവാളിയെ പിടികൂടുമെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ദിവസവും ശരാശരി 60 പേർ കൊല്ലപ്പെടുന്നതായാണ് ഔദ്യോഗിക കണക്ക്.






