കോട്ടയം ∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആർടിസിയിൽ കയറുമ്പോൾ ചില്ലറ കരുതുക. ഓർഡിനറി ബസുകളിൽ ചില്ലറ ക്ഷാമം രൂക്ഷമായതോടെ വലയുകയാണ് കെഎസ്ആർടിസി. സ്ത്രീ സൗജന്യയാത്ര പദ്ധതി ‘പ്രിയദർശിനി’ നടപ്പാക്കിയതോടെയാണ് ജില്ലയിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ചില്ലറ കിട്ടാതായതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.
പുരുഷ യാത്രക്കാർ 50, 100, 200, 500 രൂപ നോട്ടുകളാണ് കൂടുതലും നൽകുന്നതെന്നും അധികൃതർ പറയുന്നു. യാത്രക്കാരുടെ കൈവശത്ത് നിന്ന് ചില്ലറ ശേഖരമുണ്ടെങ്കിൽ ചോദിച്ച് വാങ്ങുകയാണ് കണ്ടക്ടർമാർ. മുൻപ് ഓർഡിനറി ബസുകളിലെ ചില്ലറ ഫാസ്റ്റ് പാസഞ്ചറുകൾക്ക് നൽകിയിരുന്നു. ഇപ്പോൾ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ലഭിക്കുന്ന ചില്ലറയുടെ പകുതി ഓട്ടത്തിനിടയിൽ ഓർഡിനറി ബസ് കണ്ടക്ടർമാർ വാങ്ങുന്ന സ്ഥിതിയാണ്.
വീട്ടിൽ കുട്ടികളുടെ കുടുക്ക പൊട്ടിച്ച് ചില്ലറ കൊണ്ടുവന്ന കണ്ടക്ടർമാരുണ്ട്. കുട്ടികൾ സൂക്ഷിച്ച ചില്ലറയ്ക്ക് 10 രൂപ അധികം നൽകിയാണ് കണ്ടക്ടർമാർ ചില്ലറ എത്തിച്ചത്. പ്രിയദർശിനി യാത്ര പദ്ധതി വന്നതോടെ ജില്ലയിലെ സബ് ഡിപ്പോകളിൽ ചില്ലറ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. കെഎസ്ആർടിസി സർവീസ് തുടങ്ങുമ്പോൾ കണ്ടക്ടറുടെ കൈവശമുള്ള ബാഗ് കാലിയായിരിക്കണമെന്നാണ് നിയമം. ചില്ലറയോ നോട്ടോ പാടില്ല. ചില്ലറ പ്രതിസന്ധി രൂക്ഷമായതോടെ 100 രൂപ ചില്ലറ സൂക്ഷിച്ചാണ് കണ്ടക്ടർമാർ യാത്ര തുടങ്ങുന്നത്. സർവീസ് തുടങ്ങുന്ന സമയത്ത് ചില്ലറ ബാഗിൽ സൂക്ഷിക്കുന്നതിനു സ്റ്റേഷൻ മാസ്റ്ററുടെ പ്രത്യേക അനുമതിയും വാങ്ങണം.









