Headlines

മൂന്ന് വർഷമായി അമേരിക്കൻ യുവതി ഇന്ത്യയുടെ മരുമകൾ; റീൽസ് നിറയെ ഇന്ത്യൻ പാചകവും ജീവിതവും

പട്ന ∙ ഇന്ത്യൻ യുവാക്കൾ അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുമ്പോൾ അവിടെനിന്നും വിവാഹം ചെയ്തു കുടുംബിനിയായി ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ കഴിയുകയാണ് ജോർജിയയിലെ അറ്റ്ലാന്റയിൽ വളർന്ന ഹോപ്. ബിഹാറിൽ ഭർത്താവിനും മകനുമൊപ്പം താമസിക്കുന്ന ഹോപ് സിങ് 2023 ലാണ് ബിഹാറിയായ അഭിശേഖ് സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷമാണ് 2025 ഒക്ടോബറിൽ ഹോപ് ആദ്യമായി ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ ആറ് മാസമായി ബിഹാറിലെ വീട്ടിൽ ഹോപ് കുടുംബത്തിനൊപ്പം സ്ഥിരതാമസമാണ്.
അതേസമയം ഇന്ത്യയിലെ തന്റെ ജീവിതം ഹോപ് ഇൻസ്റ്റഗ്രാമിൽ ദിവസവും പോസ്റ്റ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് തന്റെ പാചക വിഡിയോകൾ. കൈകൾ കൊണ്ട് പാത്രങ്ങൾ കഴുകുന്നതും, പരമ്പരാഗതമായ രീതിയിൽ പാചകം ചെയ്യുന്നതും എല്ലാം ഹോപിന്റെ ചെറു വിഡിയോയിലുണ്ട്. പതിവായി ഇന്ത്യൻ വിഭവങ്ങൾ തയാറാക്കുന്ന ഹോപിന്റെ വിഡിയോകൾ ആയിരങ്ങളെയാണ് ആകർഷിക്കുന്നത്.

ഭർത്താവിന്റെ നാട്ടിൽ താമസിക്കുമ്പോൾ ഇന്ത്യൻ വസ്ത്രം അണിയുന്നതിനും നെറ്റിയിൽ സിന്ദൂരം ചാർത്താനും ഹോപ് ഇഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ‘ഗെറ്റ്-റെഡി-വിത്ത്-മി’ വിഡിയോകളും ഹോപ് പതിവായി ഷെയർ ചെയ്യാറുണ്ട്. അതേസമയം ബിഹാറിൽ ഹോപ് എങ്ങനെ എത്തിയെന്നും അഭിശേഖ് സിങ്ങിനെ വിവാഹം ചെയ്തത് എങ്ങനെയെന്നുമൊക്കെ അറിയാനാണ് കാഴ്ചക്കാർക്ക് കൗതുകം.