കൊച്ചി: കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമപ്രകാരം തന്നെ ഇതിനുള്ള അവകാശം മുസ്ലിം സ്ത്രീക്ക് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി. മോയിന്‍ – നഫീസ കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചിരുന്ന ഒരു കൂട്ടം ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ വിധിപ്രസ്താവം.
സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്ലിം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹ മോചനത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കോടതിക്കു പുറത്ത് മുസ്ലിം സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിക്കുന്ന ഒട്ടേറെ മാര്‍ഗങ്ങള്‍ നിലവിലുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വം നിറവേറ്റാത്ത ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ത്വലാഖ് – എ തഫ്വിസ് മുസ്ലിം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവകാശം നല്‍കുന്ന ഖുല നിയമവും ഉണ്ട്. മുബാറാത്ത് രീതിയിലൂടെ പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാം. ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹ മോചനത്തിന് അനുമതി നല്‍കുന്നതാണ് ഫസ്ഖ്. 1937-ലെ ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ.സി. മോയിന്‍-നഫീസ കേസിലെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഉത്തരവ് റദ്ദാക്കിയത്.