ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. രാഹുലിനെക്കാൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലും സണ്ണി ജോസഫ് പ്രതികരിച്ചു. സ്വർണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കാൻ സിപിഐഎം നേതാക്കാൾ ശ്രമിക്കുന്നുവെന്ന് അദേഹം ആരോപിച്ചു. എം വി ഗോവിന്ദൻ പ്രതികളെ വെള്ളപൂശുന്നു. പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ ഭാഗമായെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് എതിരെയുള്ള അന്വേഷണം വഴിത്തിരിച്ച വിടാനാണ് നീക്കമെന്നും അദേഹം കൂട്ടിച്ചേർത്തു.







