തൃശൂർ ∙ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു കാണാതായ ആളെ കുമരകം മലരിക്കലിൽ ആമ്പൽപ്പാടത്തെ യാത്രയ്ക്കിടെ കണ്ടത്തി. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. ഇന്നലെ പുലർച്ചെ 4നാണ് മലരിക്കലിലെത്തിയത്. പാടശേഖരത്തിനു സമീപത്തുനിന്ന് ഇദ്ദേഹം വള്ളത്തിൽ തനിച്ച് ആമ്പൽപ്പാടത്തേക്കു യാത്രതുടങ്ങി. മലരിക്കൽ സ്വദേശി സുജിത്തിന്റേതായിരുന്നു വള്ളം. രാവിലെ സുജിത്ത് എത്തിയപ്പോൾ വള്ളം കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആമ്പൽപ്പാടത്തുനിന്നു കണ്ടെത്തിയത്. മറ്റു വള്ളക്കാരുമായി സുജിത്ത് പാടത്ത് എത്തിയെങ്കിലും വള്ളം കരയ്ക്ക് അടുപ്പിക്കാൻ സമ്മതിച്ചില്ല. തുടർന്നു പൊലീസ് എത്തി ഇദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കരയ്ക്ക് എത്തിക്കുകയായിരുന്നു. പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഏതാനും ദിവസം മുൻപാണ് ഇദ്ദേഹത്തെ കാണാതായത്.
മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കാണാതായ ആൾ മലരിക്കലിൽ; പുലർച്ചെ 4 മണിക്കെത്തി, വള്ളത്തിൽ തനിച്ച് യാത്ര ചെയ്തു






