ന്യൂഡൽഹി∙ ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് (ക്യാപ്റ്റൻ) ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തൽ.ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം അതീവ ഗുരുതരമായ കാര്യമാണെന്നും ഡിജിസിഎ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി ആദ്യം തെളിഞ്ഞത്. പിന്നീട് നടത്തിയ മറ്റൊരു പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു.3 കുട്ടികൾ ഉൾപ്പെടെ 137 യാത്രക്കാരും 6 കാബിൻ ക്രൂവും 2 ഫ്ലൈറ്റ് ക്രൂ അംഗങ്ങളും അടക്കം 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 യാത്രക്കാർക്കും നാല് ക്രൂ അംഗങ്ങൾക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിലെ പൈലറ്റുമാർക്ക് ലഹരി നിർണയ പരിശോധന നിർബന്ധമാക്കിയിരുന്നു. യാത്രക്കാരുടെ വിശ്വാസം നിലനിർത്താനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുമാണ് നടപടിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.









