Headlines

ദേശീയപാത മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ; ഒടുവിൽ മന്ത്രിയെ വിളിച്ച് നാട്ടുകാർ: തീരുമാനമായി

 

കൊടുങ്ങല്ലൂർ ∙ ദേശീയപാതയിൽ എറണാകുളം – തൃശൂർ ജില്ലാ അതിർത്തിയായ കോട്ടപ്പുറം പാലത്തിനു സമീപത്തെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ മന്ത്രി ഒ.ജെ.ജനീഷ് ഇടപെട്ടു. ഇതേത്തുടർന്ന് വ്യാഴം വൈകിട്ട് അഞ്ചോടെ ഗതാഗതക്കുരുക്കിനു കാരണമായ സ്ഥലത്ത് അടിയന്തരമായി ടാർ ചെയ്യാൻ തുടങ്ങി. റോഡ് നിർമാണം ഇഴയുന്നതും റോഡിലെ കുഴികളും കാരണം ജില്ലാ അതിർത്തിയായ കോട്ടപ്പുറം മറികടക്കാൻ വാഹനങ്ങളുടെ നീണ്ട ക്യൂ ആയിരുന്നു.

ഒരു മാസത്തിലേറെ ആയി കോട്ടപ്പുറം – മൂത്തകുന്നം പാലത്തിലൂടെ ദുരിതയാത്രയാണ്. പാലത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതു കാരണം ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് ഒന്നര കിലോമീറ്റർ ദൂരം പിന്നിടുന്നത്. വ്യാഴം രാവിലെയും പതിവു പോലെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. വാഹനങ്ങൾക്ക് ഒട്ടും മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതി. നാട്ടുകാർ മന്ത്രിയെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതോടെ മന്ത്രി ജില്ലാ കലക്ടറും ദേശീയപാത നിർമാണ കമ്പനിയുമായും ബന്ധപ്പെട്ടു പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു.കനത്ത മഴയെ തുടർന്ന് പാലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിരുന്നു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനയാത്രികരും ആണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുഴികൾ വ്യാപകമായതിനാൽ ഗുരുവായൂർ, ഇരിങ്ങാലക്കുട ഭാഗത്തു നിന്നു വരുന്ന ചരക്ക് വാഹനങ്ങൾ പതുക്കെ ആകുന്നതും ഗതാഗതക്കുരുക്കിനു കാരണമാണ്.