Headlines

‘ജിന്നിന്റെ സഹായത്തോടെ രോഗം ഭേദമാക്കി’! ആഭിചാരക്രിയകളിൽ മുഴുകി ഭാര്യ, ‘കുടുംബം തകർത്തു’; വിവാഹബന്ധം വേർപ്പെടുത്തി ഷാർജ കോടതി

 

ഷാർജ∙ ആഭിചാരക്രിയകളിലും അന്ധവിശ്വാസങ്ങളിലും ഭാര്യ മുഴുകിയത് കുടുംബജീവിതത്തെ തകർത്തതായി കാട്ടി ഭർത്താവ് നൽകിയ ഹർജിയിൽ വിവാഹബന്ധം വേർപ്പെടുത്തി ഷാർജ ശരീഅത്ത് കോടതി. ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ റദ്ദാക്കിയ കോടതി രണ്ട് മക്കളുടെയും സംരക്ഷണാവകാശം പിതാവിന് കൈമാറാനും ഉത്തരവിട്ടു.

ഭാര്യയും കുടുംബാംഗങ്ങളും ആഭിചാരക്രിയകൾ നടത്തുന്നുണ്ടെന്നും ഇത് കുടുംബത്തിലെ സമാധാനം നശിപ്പിച്ചെന്നും കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. മുൻപ് മറ്റൊരു കേസിന്റെ വിചാരണ വേളയിൽ ഭാര്യ നൽകിയ മൊഴിയും ഭർത്താവ് തെളിവായി ഹാജരാക്കി. ‘ഹംറൂഷ്’ എന്ന് പേരുള്ള ജിന്നിന്റെ സഹായത്തോടെ അമ്മവഴിയിലുള്ള അമ്മാവൻ തന്റെ രോഗം ഭേദമാക്കിയെന്ന് ഭാര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വിവരമാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്.

 

∙ മക്കളിൽ ഭയവും മാനസിക സമ്മർദ്ദവും, കുട്ടികളുടെ നന്മയ്ക്ക് മുൻഗണന

 

ഭാര്യയുടെ അന്ധവിശ്വാസങ്ങളും ആഭിചാര രീതികളും മക്കളുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചതായി ഭർത്താവ് ആരോപിച്ചു. അമ്മ ബന്ധപ്പെടുന്ന ജിന്നിന്റെ പേര് പോലും കുട്ടികൾക്ക് അറിമായിരുന്നു. ഇരുട്ടിലുള്ള ഭയം, ഉറക്കത്തിൽ പല്ലുകടിക്കുക, വിരൽ കടിക്കുക, മൂത്രമൊഴിക്കുക തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടുതുടങ്ങിയതോടെയാണ് പിതാവ് നിയമനടപടിയിലേക്ക് കടന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക വളർച്ചയെയും ഇത്തരം കാര്യങ്ങൾ തകർക്കുമെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.

ഇരുഭാഗത്തിന്റെയും വാദങ്ങളും രേഖകളും കേട്ട ശേഷം ഷാർജ പ്രാഥമിക കോടതി വിഷയം വിശദമായി പരിശോധിച്ചു. ദാമ്പത്യബന്ധത്തിൽ ഉണ്ടാകുന്ന ഉപദ്രവവും ബുദ്ധിമുട്ടുകളും ഒരു പ്രത്യേക രീതിയിൽ മാത്രം നിർവ്വചിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്ത വിധം കുടുംബബന്ധത്തിൽ വിള്ളലുണ്ടായതായി കോടതി കണ്ടെത്തി.

 

മക്കളുടെ ഭാവി മാത്രമാണ് സംരക്ഷണാവകാശ വിഷയത്തിൽ പ്രധാന ഘടകമെന്ന് വ്യക്തമാക്കിയ കോടതി, ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ കുട്ടികൾ വളരുന്നത് അവരുടെ നന്മയ്ക്ക് അനുയോജ്യമല്ലെന്ന് വിലയിരുത്തി. തുടർന്നാണ് അമ്മയിൽ നിന്ന് മക്കളുടെ സംരക്ഷണാവകാശം നീക്കി പിതാവിന് നൽകിയത്. സ്ത്രീയ്ക്ക് ലഭിക്കേണ്ടിയിരുന്ന ജീവനാംശം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ റദ്ദാക്കിയ കോടതി, മക്കളെ ഉടൻ തന്നെ പിതാവിന് കൈമാറാനും ഉത്തരവിട്ടു. കോടതിച്ചെലവുകളും 5,000 ദിർഹം അഭിഭാഷക ഫീസും ഭാര്യ നൽകണം.