ഡാലസ്∙ ഒരു കുഞ്ഞിന് വേണ്ടി രണ്ട് അമ്മമാരുടെ നിയമപോരാട്ടം. ഡാലസിലെ കോടതി മുറിയിലാണ് നാടകീയമായ ഈ നിയമപോരാട്ടം നടക്കുന്നത്. ആർക്ക് കുഞ്ഞിന്റെ സംരക്ഷണാവകാശം കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം നൽകാനായിട്ടാണ് കോടതി വാദം കേൾക്കുന്നത്. ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത കുഞ്ഞിന് വേണ്ടിയാണ് നിയമപോരാട്ടം. കലിഫോർണിയ സ്വദേശികളായ ദമ്പതികളും ഇവർക്കായി വാടക ഗർഭധാരണം നടത്തിയ അലാസ്ക സ്വദേശിയായ കെന്ന വെസ്റ്റും തമ്മിലാണ് നിയമയുദ്ധം നടക്കുന്നത്.
ഒരു കുഞ്ഞിന് വേണ്ടി ഏറെ ആഗ്രഹിച്ചിട്ടുണ്ട് ദമ്പതികളായ നൗഷീൻ ദിൽകറും ഒമർ അഹമ്മദും. ഇരുവരും ഏഴു തവണ ഐവിഎഫിലൂടെ കുഞ്ഞിന് ജന്മം നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീടാണ് വാടക ഗർഭധാരണമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. പിന്നാലെ കെന്ന വെസ്റ്റുമായി ഇക്കാര്യത്തിൽ ഇവർ കരാറിലെത്തി.
തുടർന്ന് ദമ്പതികൾക്കായി കെന്ന ഗർഭം ധരിച്ചു. കെന്നയുടെ ഉദരത്തിൽ വളർന്ന കുഞ്ഞിന് 20 ആഴ്ച പ്രായമായപ്പോഴേക്കും ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖം (ഹൈപോപ്ളാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം – എച്ച്എൽഎച്ച്എസ്) കണ്ടെത്തി. ഇതോടെ നൗഷീനും ഒമർ അഹമ്മദും ഗർഭം അലസിപ്പിക്കാൻ കെന്നയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല.
ഗർഭിണിയായ കെന്ന ടെക്സസിലേക്ക് യാത്ര ചെയ്ത് ഡാലസിലെ ഒരു ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12നു കുഞ്ഞിന് ജന്മം നൽകി. കെന്ന കുട്ടിക്ക് ഗബ്രിയേൽ എന്ന് പേരിട്ടു. നൗഷീനും അഹമ്മദും കുഞ്ഞിന് റൂമി എന്നും പേരിട്ടു. നൗഷീനും അഹമ്മദിനും കുഞ്ഞിനെ കാണാൻ അനുവാദം കോടതി നൽകിയിട്ടില്ല. പക്ഷെ കുഞ്ഞിന് വേണ്ട പരിചരണം ഉറപ്പാക്കുന്നതിനായി അവർ ശ്രമിക്കുന്നുണ്ട്. കുഞ്ഞിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ അത് ചെയ്യിച്ചു. ഇനിയും രണ്ടു ശസ്ത്രക്രിയകൾ കൂടി ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
∙വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് കോടതി
വികാരഭരിതമായ രംഗങ്ങൾ സൃഷ്ടിച്ചാണ് നൗഷീൻ കോടതിയിൽ മൊഴി നൽകിയത്. പല തവണ വിതുമ്പുകയും ചിലപ്പോഴൊക്കെ പൊട്ടിക്കരയുകയും ചെയ്തു. മൊഴി നൽകുന്ന വേളയിൽ കെന്ന വെസ്റ്റിനെ നിർവികാരതയോടെയാണ് കാണപ്പെട്ടത്. വളരെ വിവാദം സൃഷ്ടിച്ച കേസ് യുഎസ് ഒട്ടാകെ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇത്തരം ഒരു കേസ് ആദ്യമായിട്ടാണ് കോടതിയിൽ എത്തുന്നത്.
ഇതിനിടയിൽ കേസിനു ഒരു രാഷ്ട്രീയ മാനവും കൈവന്നു. ടെക്സസിൽ ഗർഭം അലസിപ്പിക്കുന്നത് അസാധാരണമായ സാഹചര്യത്തിൽ ഒഴികെ അനുവദിക്കുന്നില്ലെന്നതാണ് പുതിയ ചർച്ചകൾ തിരികൊളുത്തിയതിന് കാരണമായിരുന്നത്. കേസിന്റെ വിധിക്കായി കക്ഷികൾക്കൊപ്പം നിയമ വിദഗ്ധരും കാത്തിരിക്കുകയാണ്. കുഞ്ഞിനെ ഉദരത്തിൽ വഹിച്ച കെന്ന വെസ്റ്റിനാണോ കുട്ടിയുടെ ജനിതക (ബയോളോജിക്കൽ) മാതാപിതാക്കൾക്കാണോ സംരക്ഷണാവകാശം ലഭിക്കുക എന്ന് കാത്തിരുന്ന് കാണാം.






