Headlines

അഖാബ ആക്രമിച്ച് ഇറാൻ; 100ലേക്ക് ക്രൂഡോയിൽ, സ്വർണത്തിന് കനത്ത വിലത്തകർച്ച, സ്വർണപ്പണയ ഓഹരിക്കും മോദി ഷോക്ക്

 

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. ഹോർമുസിന് ചുറ്റുമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് യുഎസ് ഇന്നലെയും കനത്ത ആക്രമണം നടത്തി. തിരിച്ചടിയെന്നോണം ചെങ്കടലിന് സമീപത്തെ ജോർദാനിയൻ നഗരമായ അഖാബയിൽ യുഎസ് കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. കൊണ്ടും കൊടുത്തുമുള്ള ഇരുകൂട്ടരുടെയും വിട്ടുവീഴ്ചയില്ലാ മനോഭാവം ക്രൂഡോയിൽ വില കുതിച്ചുയരാനും ഇടയാക്കി.

 

ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറും യുഎസ് ക്രൂഡ് വില 90 ഡോളറും ഭേദിച്ചു. ഇതോടെ ലോകമെമ്പാടും പണപ്പെരുപ്പം തീപിടിച്ചുയരുമെന്ന ഭീതി കൂടുതൽ ശക്തമായി. ദക്ഷിണ ജോർദാനിൽ ഇസ്രയേൽ, ഈജിപ്ത് അതിർത്തിക്ക് സമീപത്തെ നഗരമാണ് അഖാബ. ഇവിടെ യുഎസ് സൈനിക താവളങ്ങളുണ്ട്. ഇറാന്റെ മിസൈലും ഡ്രോണുകളും അഖാബയിലുമെത്തിയെന്നത് യുഎസിനെ അമ്പരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ സമ്മർദത്തിന് വഴങ്ങാനുദ്ദേശിക്കുന്നില്ലെന്നും പൊരുതാൻ തന്നെയാണ് തീരുമാനമെന്നും വ്യക്തമാക്കുകയാണ് ഇറാൻ.

ആക്രമണം അവസാനിപ്പിക്കാൻ യുഎസ് തയാറായില്ലെങ്കിൽ ഹോർമുസിൽ ‘പൂട്ടുകളുടെ എണ്ണം’ കൂടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എണ്ണവില കുതിച്ചുകയറിയത്. ബാരലിന് ഒറ്റയടിക്ക് 5% കുതിപ്പാണ് ബ്രെന്റ് ക്രൂഡ് രേഖപ്പെടുത്തിയത്. യുഎഇയുടെ മർബൻ എണ്ണയുടെ വില 7.8% മുന്നേറി 106.2 ഡോളറിലുമെത്തി. ഇറാന് ആവശ്യത്തിന് സമയം നൽകിയെന്നും ഇനി ഡീലൊന്നുമില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ്, ഇനി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് പറഞ്ഞതും ആശങ്ക കൂട്ടുന്നു.

 

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസത്തെ പണനയ യോഗത്തിൽ പലിശഭാരം കൂട്ടുമെന്ന വിലയിരുത്തൽ ശക്തമായിരുന്നു. ഇതിനിടെ, ക്രൂഡ് വില വീണ്ടും 100 ഡോളറിനോട് അടുക്കുന്നത് പലിശ കൂട്ടാനുള്ള സാധ്യകളെ ശക്തമാക്കി. ഇത് യുഎസ് ഓഹരികൾക്ക് ഇന്നലെ തിരിച്ചടിയായി. ഡൗ ജോൺസ് 419 പോയിന്റ് (-0.79%) ഇടിഞ്ഞു. എസ് ആൻഡ് പി500 സൂചിക 0.71%, നാസ്ഡാക് 1.03% എന്നിങ്ങനെയും വീണു. യൂറോപ്പിൽ ഡാക്സ് 1.10%, എഫ്ടിഎസ്ഇ 0.32% എന്നിങ്ങനെയും വീണു.

ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നേട്ടത്തിലേക്ക് ഒരുഘട്ടത്തിൽ തിരിച്ചുകയറിയെങ്കിലും വ്യാപാരാന്ത്യത്തിൽ ചുവന്നു. സെൻസെക്സ് 0.02%, നിഫ്റ്റി 0.10% എന്നിങ്ങനെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജിഡിപി വളർച്ചയെ പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിഡിയോ സന്ദേശത്തിൽ ‘സ്വർണ’ത്തെക്കുറിച്ച് പറഞ്ഞത് ആഭരണ, സ്വർണപ്പണയ കമ്പനികളുടെ കനത്ത ഇടിവിന് വഴിവച്ചു.

മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, തങ്കമയിൽ ജ്വല്ലറി, പിസി ജ്വല്ലർ, ടൈറ്റൻ, മുത്തൂറ്റ് ഫിനാൻസ് എന്നിവ 7% വരെ ഇടിഞ്ഞു. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്നാണ് മോദി ആവർത്തിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ, ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ സ്വർണ ഇറക്കുമതി 24% കുതിച്ച് റെക്കോർഡ് 71.98 ബില്യൻ ഡോളറിൽ (ഏകദേശം 6.91 ലക്ഷം കോടി രൂപ) എത്തിയിരുന്നു.

2023-24ൽ 45.54 ബില്യനും 2022-23ൽ 35 ബില്യനുമായിരുന്നു ഇറക്കുമതിച്ചെലവ്. ഡോളറിലാണ് ഇടപാട് എന്നിരിക്കേ, സ്വർണം ഇറക്കുമതി കൂടുന്നത് ഡോളറിന്റെ ഡിമാൻഡും കൂട്ടും. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില ബാരലിന് 95-100 ഡോളറിനടുത്ത് നിൽക്കുന്നതും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

 

ക്രൂഡോയിൽ ഇറക്കുമതി ഇടപാടും ഡോളറിലാണ് നടക്കുന്നത്. ഫലത്തിൽ സ്വർണം, ക്രൂഡോയിൽ ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനും ഇടയാക്കും. ഇറക്കുമതിച്ചെലവും വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.

 

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി നടപ്പുവർഷത്തെ (2026-27) ഏപ്രിൽ-ജൂണിൽ 3.4 ബില്യനിൽ നിന്ന് 4.2 ബില്യൻ ഡോളറായി കൂടിയെന്ന് റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരക്കമ്മി 68.9 ബില്യനിൽ ിന്ന് 86.1 ബില്യൻ ഡോളറായും കുതിച്ചുകയറി.

 

ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 26% ഉയർന്ന് 49 ബില്യനിൽ എത്തിയതാണ് പ്രധാന തിരിച്ചടി. ഉപഭോഗത്തിന്റെ 90% ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, ക്രൂഡോയിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് പറയാനാവില്ല. എന്നാൽ, സ്വർണത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്രം കരുതുന്നു. സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് മോദി പറയാനും കാരണമിതാണ്.

 

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ മേയിൽ കേന്ദ്രം 6 ശതമാനത്തില‍്‍ നിന്ന് 15 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് വീണ്ടും 6 ശതമാനമായി കുറച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, നിലവിൽ മോദി വീണ്ടും സ്വർണത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ സ്വർണത്തീരുവ കുറയ്ക്കാനുള്ള സാധ്യത മങ്ങി.