Headlines

താമരശ്ശേരി ചുരത്തില്‍ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ശരീരം ഡോറിന് പുറത്ത്

 

കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ചുരം ഇറങ്ങി വന്ന കാറിലാണ് ഇരുവശത്തെയും ഡോറിന്റെ വിൻഡോ വിടവിലൂടെ മൂന്നു യുവാക്കൾ പുറത്തേക്ക് ശരീരം ഇറക്കി നിന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. പിന്നിൽ പോയ ലോറിയിൽ നിന്ന് പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ചുരം കയറുന്ന വാഹനങ്ങൾ എതിർവശത്ത് നിരയായി പോകുന്നതിടെയാണ് അപകടകരമായ രീതിയിൽ യുവാക്കൾ യാത്ര ചെയ്തത്. മലപ്പുറം തിരൂരങ്ങാടി റജിസ്ട്രേഷനിലുളള കാറിലാണ് യുവാക്കൾ സഞ്ചരിച്ചത്. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർടിഒ ഉദ്യോഗസ്ഥർ അറിയിച്ചു.രണ്ടാഴ്ച മുൻപ് പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നു. യാത്രക്കാരെ സൺ റൂഫിനു മുകളിലും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങൾ കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കാണ് അന്ന് കേസ് റജിസ്റ്റർ ചെയ്തത്. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചിരുന്നു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തിരുന്നു.