Headlines

സ്വാതന്ത്ര്യദിനാഘോഷ വിഡിയോ വൈറൽ; പ്രതീക്ഷാഭവൻ തണലിൽനിന്ന് പതിറ്റാണ്ടിന് ശേഷം യസിൻ നാട്ടിലേക്ക്

 

കോഴിക്കോട് ∙ പത്ത് വർഷം പൂനൂർ കാരുണ്യതീരം പ്രതീക്ഷാ ഭവന്റെ തണലിൽ കഴിഞ്ഞ ജാർഖണ്ഡ് സ്വദേശി യസിൻ ഷെയ്ഖ് എന്ന റഷീദ് ഒടുവിൽ നാട്ടിലേക്ക്. സ്വാതന്ത്ര്യദിനം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെയാണ് യസിനു നാട്ടിലേക്കുള്ള വഴിതുറന്നത്.

ജാർഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലെ നാരായൺപുർ സ്വദേശിയായ യസിനെ പതിനേഴാം വയസ്സിലാണ് കാണാതാവുന്നത്. കുടുംബത്തിൽനിന്ന് വേർപെട്ട യസിൻ കോഴിക്കോട് ചെറുവാടിയിലെത്തി. സംസാര വൈകല്യമുള്ള കുട്ടി അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ മുഖേന ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയും കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവനിലേക്ക് മാറ്റുകയും ചെയ്തു. ആറുവർഷത്തോളം അവിടെ താമസിച്ച യസിനെ 2023 സെപ്റ്റംബറിലാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ പൂനൂർ കാരുണ്യതീരം ക്യാംപസിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിലേക്ക് മാറ്റിയത്. ഇവിടെയെത്തിയതോടെ യസിൻ എല്ലാവർക്കും റഷീദ് ആയി.

കഴിഞ്ഞ ഓഗസ്റ്റ് 15ന് ഹെൽത്ത് കെയർ ഫൗണ്ടേഷനും റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ മധുരം വിതരണം ചെയ്യുന്നതിനായി ‘മുളകുപെട്ടി’ സ്റ്റാർട്ടപ്പിന്റെ ടീം അംഗങ്ങളും കാരുണ്യതീരം ക്യാംപസിലെത്തിയിരുന്നു. ആഘോഷത്തിനിടെ യസിനും കൂട്ടുകാരനും പുഞ്ചിരിച്ച് നടന്നുനീങ്ങുന്ന വിഡിയോ ഇവർ പകർത്തുകയും ‘സ്വാതന്ത്ര്യത്തിന്റെ ചിരി’ എന്ന കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു. വിഡിയോ കണ്ട യസിന്റെ ബന്ധുവിന് സംശയം തോന്നുകയും കമന്റ് ഇടുകയും ചെയ്തു. തുടർന്ന് ലഭിച്ച ഫോൺ നമ്പറിലൂടെ സ്ഥാപനവുമായി ബന്ധപ്പെട്ടു. തുടർന്ന് കുടുംബം തിരിച്ചറിയൽ രേഖകൾ സ്ഥാപനത്തിന് കൈമാറി. പഴയ രേഖകളിലെ വിവരങ്ങളും കുടുംബം നൽകിയ വിവരങ്ങളും പരിശോധിച്ചതോടെ പ്രതീക്ഷാ ഭവനിലെ റഷീദ് തന്നെയാണ് വർഷങ്ങൾക്കു മുൻപ് കാണാതായ യസിൻ ഷെയ്ഖ് എന്ന് ഉറപ്പാക്കുകയായിരുന്നു.

യസിനെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും വർഷങ്ങളോളം തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായിരുന്നില്ല. മകനെ കണ്ടെത്താനാകാത്തതിന്റെ വേദനയിൽ കഴിഞ്ഞ മാതാവ് നൂർഫുൾ ദീദി 2023ൽ മരണപ്പെടുകയും ചെയ്തു. തിരിച്ചറിഞ്ഞ ശേഷം വിഡിയോ കോളിലൂടെ പിതാവ് സൊഹ്റബ് ഷെയ്ഖുമായും സഹോദരങ്ങളുമായും യസിൻ സംസാരിക്കുകയും കുടുംബം കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. ഈ മാസം മൂന്നിന് കാരുണ്യതീരം ക്യാംപസിൽ നടക്കുന്ന യാത്രയയപ്പ് സംഗമത്തിനുശേഷം യസിൻ നാട്ടിലേക്ക് തിരിക്കും.പ്രതീക്ഷാഭവനിലെ ദിനചര്യകളിലും ആഘോഷങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു യസിൻ. സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ‘ഉണർവ് 2023’ ഷോർട്ട് ഫിലിം മത്സരത്തിൽ യസിൻ അഭിനയിച്ച ‘വൺ സ്‌മൈൽ’എന്ന ഹ്രസ്വചിത്രത്തിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പേട്രൻ ഷുക്കൂർ കിനാലൂർ, പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ, ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, പ്രതീക്ഷാ ഭവൻ ചെയർമാൻ ടി.എം. അബ്ദുൽ ഹക്കീം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ സിഒഒ ഐ.പി. നവാസ്, സൂപ്രണ്ട് പാർവതി ഭായ്, ആർഎംഒ ഫർസിൻ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നത്.