Headlines

ശബരിമലയിൽ ഓണസദ്യ ജീവനക്കാർക്ക് മാത്രം, ഭക്തർക്ക് നൽകിയത് പുലാവ്; ക്രമീകരണത്തിൽ വീഴ്ച

ശബരിമല ∙ അയ്യപ്പ സന്നിധിയിൽ തിരുവോണസദ്യ സ്പെഷൽ ഡ്യൂട്ടി ജീവനക്കാർക്കു മാത്രമാക്കി. അന്നദാന മണ്ഡപത്തിൽ ജീവനക്കാർക്കുള്ള ഭാഗത്താണ് സദ്യ വിളമ്പിയത്. ഭക്തർക്കുള്ള ഭാഗത്ത് പുലാവാണു നൽകിയത്. ഭക്തർക്കായി തിരുവോണ സദ്യ നേരിട്ടു നടത്തുമെന്നു ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാർക്കു നിർദേശം നൽകുകയോ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്തില്ല. ഇതാണ് 70 വർഷമായി സന്നിധാനത്തു നടന്നുവന്ന തിരുവോണ സദ്യ മുടങ്ങാൻ കാരണം.

ഒരു ദിവസം 3 നേരത്തെ ഭക്ഷണത്തിന് മെസ് നടത്തിപ്പുകാർക്കു ദേവസ്വം ബോർഡ് 72 രൂപയാണ് നൽകുന്നത്. സദ്യയുള്ള ദിവസങ്ങളിൽ 50 രൂപ കൂടി അധികമായി നൽകാറുണ്ട്. എന്നാൽ തിരുവോണ സദ്യയെപ്പറ്റി ദേവസ്വം ബോർഡ് വ്യക്തമായ നിർദേശങ്ങൾ നൽകിയില്ല. ഇതുകാരണം സ്പെഷൽ ഡ്യൂട്ടി ജീവനക്കാർക്കും പൊലീസിനും മാത്രമാണ് സദ്യ ഒരുക്കിയത്. സന്താന സൗഭാഗ്യത്തിന് അയ്യപ്പ സ്വാമിക്കുള്ള നേർച്ചയായി ചങ്ങനാശേരി സ്വദേശിയായ പരേതനായ ചെല്ലപ്പനാചാരിയാണ് 70 വർഷം മുൻപ് വഴിപാടായി ശബരിമലയിൽ തിരുവോണ സദ്യ തുടങ്ങിയത്. അവരുടെ വരുമാനത്തിന്റെ ഒരുഭാഗം എല്ലാമാസവും നീക്കിവച്ചാണു സദ്യ നടത്തിവന്നത്.

അദ്ദേഹത്തിന്റെ മരണശേഷം മകൻ ഡോ. മണികണ്ഠദാസും അദ്ദേഹത്തിന്റെ മകൻ ഡോ. ആതുരദാസും ഏറ്റെടുത്തു നടത്തി. കോവിഡു മൂലം 2020ൽ സദ്യ നടത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ദേവസ്വം ജീവനക്കാരുടെ വകയായിട്ടായിരുന്നു 5 വർഷം തിരുവോണ സദ്യ നടത്തിവന്നത്. ഉത്രാടത്തിനു മേൽശാന്തിയും ഒരു ദിവസം പൊലീസും ഓണസദ്യ നൽകിവന്നു. ഓണസദ്യ സ്പോൺസർഷിപ്പും പണപ്പിരിവും ഒഴിവാക്കാനാണു ഈവർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സദ്യ നേരിട്ടു നടത്താൻ തീരുമാനിച്ചത്.

∙ ശബരിമല നട ഇന്ന് അടയ്ക്കും
ഓണം പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്നു രാത്രി അടയ്ക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. ഇവ കണ്ടുതൊഴാൻ ധാരാളം തീർഥാടകർ എത്തി. ഇന്നും കളഭാഭിഷേകം ഉണ്ട്. രാത്രി 10ന് ന‍ട അടയ്ക്കും. വൈകിട്ട് 6 വരെ പമ്പയിൽ നിന്നു തീർഥാടകരെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കും.