Headlines

ആ പടം ഞങ്ങൾ കണ്ടതാ’ എന്ന് ഇറാൻ; തിളക്കം ഇന്ത്യയ്ക്കെന്ന് മോദി, യുഎസിന്റെ ‘രക്ഷാ’ പദ്ധതി ചീറ്റി, ‘തീ’യായി എണ്ണയും സ്വർണവും, കേരളത്തിലും ‘കത്തും’

പുതിയ സാമ്പത്തിക ഉപരോധങ്ങൾ‌ അടിച്ചേൽപ്പിക്കാനുള്ള യുഎസിന്റെ നീക്കത്തെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ‘‘ഈ പടം ഞങ്ങൾ മുൻപ് പലതവണ കണ്ടതാ’’ എന്ന് അദ്ദേഹം എക്സിൽ പറഞ്ഞു. 1979 മുതൽ ഇറാനുമേൽ യുഎസിന്റെ സാമ്പത്തിക ഉപരോധമുണ്ട്.

‘‘14 വർഷം മുൻപ് യുഎസ് പറഞ്ഞു, കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്. അത് പൊളിഞ്ഞു. 8 വർഷം മുൻപ് പറഞ്ഞതും പൊളിഞ്ഞു. 5 മാസം മുൻപും അവരത് പറഞ്ഞു. അതും പാളി. ഇപ്പോൾ ദാ വീണ്ടും പറയുന്നു. അതും പൊളിയും’’ – മുൻ പ്രസിഡന്റ് ഒബാമയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അരഗ്ചി പറഞ്ഞു.

പാളുന്ന ചർച്ചകൾ, തുടരുന്ന പ്രതിസന്ധി

ഇറാനും യുഎസും തമ്മിലെ സമാധാന ചർച്ചകൾക്കുള്ള സാധ്യതകളൊക്കെ പൊളിഞ്ഞു. വെടിനിർത്തൽ ധാരണ നീട്ടാനില്ലെന്ന് ട്രംപ് പറഞ്ഞപ്പോൾ അതിന് അങ്ങനെയൊരു ധാരണയേ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് ഇറാൻ പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് അമേരിക്കയുടേതാണെന്നും അവിടെ ഇറാന്റെ കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞപ്പോൾ, ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലും ആ വഴി പോകില്ലെന്നായിരുന്നു ഇറാനിയൻ സൈന്യത്തിന്റെ മറുപടി.

ഇറാനുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള ‘ഇക്കണോമിക് ഡി-ഡേ’ ആണ് ട്രംപ് പ്രഖ്യാപിച്ചത്. കടുത്ത ഉപരോധമാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, തുർക്കി, ഇറാഖ്, ഒമാൻ, അർമേനിയ, അസർബൈജാൻ എന്നിവയ്ക്കാണ് പ്രധാനമായും ഇറാനുമായി വാണിജ്യ ബന്ധമുണ്ടായിരുന്നത്.
ഇറാനുമായുള്ള എല്ലാ ബന്ധവും തൽക്കാലത്തേക്ക് നിർത്തിവയ്ക്കുന്നതായി യുഎഇ കഴിഞ്ഞദിവസം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. യുഎസിന്റെ കപ്പൽ ഉപരോധം ഉൾപ്പെടെയുള്ളതിനാൽ മറ്റു രാജ്യങ്ങളുമായും ഇറാന്റെ വ്യാപാരം ഇപ്പോൾ നിലച്ചമട്ടാണ്.നിലവിൽ ഹോർമുസിന് പുറത്ത് കടലിലുള്ള ഇറാന്റെ എണ്ണ വാങ്ങുന്നത് ചൈനയാണ്. പാക്കിസ്ഥാനുമായി ഇറാന് കരയതിർത്തി വഴി വാണിജ്യബന്ധമുണ്ടെങ്കിലും യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാൻ അതിർത്തി അടച്ചിരുന്നു. എന്നാൽ, ഇറാനിൽ‌ നിന്ന് പെട്രോൾ ഉൾപ്പെടെ പല ഉൽപന്നങ്ങളും പാക്കിസ്ഥാൻ ഔദ്യോഗികമായി ‘കള്ളക്കടത്ത്’ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ബോണ്ട് ‘ഭൂത’ത്തെ പിടിക്കാനിറങ്ങി, പ്ലാൻ പാളി

ആഗോള വിപണികളിൽ‌ ആശങ്കയുടെ വെടിക്കെട്ടുമായി കഴിഞ്ഞദിവസങ്ങളിൽ കത്തിക്കയറിയ ‘ബോണ്ട് ഭൂത’ത്തെ പിടിച്ചുകെട്ടാൻ ട്രംപ് ഭരണകൂടം പയറ്റിയ ഐഡിയ രണ്ടാംദിവസം തന്നെ ചീറ്റി. നിക്ഷേപകരിൽ നിന്ന് തിരിച്ചുവാങ്ങുന്ന ബോണ്ടുകൾ 200 കോടി ഡോളറിൽ നിന്ന് 400 കോടി ഡോളറായി വർധിപ്പിക്കുമെന്ന് ട്രംപ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇതോടെ അൽപം താഴ്ന്ന ബോണ്ട് യീൽഡ് ഇപ്പോൾ വീണ്ടും കുതിച്ചുകയറ്റം തുടങ്ങി.

യുഎസ് ഗവൺമെന്റിന്റെ കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൻ ഡോളർ (ഏതാണ്ട് 3850 ലക്ഷം കോടി രൂപ) ഭേദിച്ചതും പണപ്പെരുപ്പപ്പേടിയും പലിശനിരക്ക് കൂടാനുള്ള സാധ്യതകളുമാണ് ബോണ്ട് യീൽഡിന് വീണ്ടും ആവേശമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയും ശക്തമായി.10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.8% ഉയർന്ന് 4.736 ശതമാനത്തിലും 30-വർഷ യീൽഡ് 0.75% വർധിച്ച് 5.276 ശതമാനത്തിലുമെത്തി. ഫെഡറൽ റിസർവിന്റെ പണനയത്തോട് അതിവേഗം പ്രതികരിക്കുന്ന 2-വർഷ ട്രഷറി യീൽഡ് 4.24 ശതമാനത്തിലേക്കും ഉയർന്നു. യുഎസ് സർക്കാരിന്റെ കടബാധ്യത കൂടാനും ജനങ്ങളെടുക്കുന്ന ബാങ്ക് വായ്പകളുടെ പലിശനിരക്ക് കുത്തനെ ഉയരാനും ഇടവരുത്തുന്ന ആഘാതമാണിത്.

തിളങ്ങുന്നത് ഇന്ത്യയാണെന്ന് മോദി

ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ലോകം വളർച്ചയുന്ന തിളങ്ങുന്ന കേന്ദ്രമായി പ്രതീക്ഷയോടെ കാണുന്നത് ഇന്ത്യയെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക പരിഷ്കാരങ്ങൾ, സുസ്ഥിര ഭരണം, ഭരണനയങ്ങളുടെ തുടർച്ച എന്നിവയാണ് ഇന്ത്യയുടെ ആകർഷണമെന്ന് മോദി ‘ഇടി ഗ്ലോബൽ ലീഡേഴ്സ് ഫോറ’ത്തിൽ പറഞ്ഞു.

നേരത്തേ ‘ലൈസൻസ് രാജ്’ സർക്കാരുകൾ പലവിധ തടസ്സങ്ങളിലൂടെ സംരംഭങ്ങളെ തുടക്കത്തിലേ തടയാനാണ് ശ്രമിച്ചത്. എന്നാൽ, തന്റെ സർക്കാൽ വിലക്കുകൾക്കും തടസ്സങ്ങൾക്കും പകരം അനുമതികളാണ് നൽകുന്നതെന്നും മോദി പറഞ്ഞു.

കത്തിക്കയറി എണ്ണ, സ്വർണം

പശ്ചിമേഷ്യൻ പ്രതിസന്ധി ക്രൂഡോയിൽ വിലയെ വീണ്ടും 100 ഡോളറിലേക്ക് അടുപ്പിക്കുകയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.26% ഉയർന്ന് 87.06 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.65% ഉയർന്ന് 94.39 ഡോളറും. യുഎഇയുടെ മർബൻ ക്രൂഡ് വില 2.39% മുന്നേറി 103.5 ഡോളറായി. യുഎസ് ഡോളർ സൂചിക നേരിടുന്ന തളർച്ച മുതലെടുത്ത് സ്വർണവിലയും തീപിടിച്ചുയരുകയാണ്. രാജ്യാന്തര വില ഔൺസിന് ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം 4600 ഡോളർ ഭേദിച്ചു.

ഒരുവേള 4631 ഡോളർ വരെ എത്തിയവില ഇപ്പോഴുള്ളത് 89.87 ഡോളർ ഉയർന്ന് 4603 ഡോളറിൽ. കഴിഞ്ഞ 2 ദിവസത്തിനിടെ 5000 രൂപയോളം വർധന കേരളത്തിൽ പവൻ വിലയിലുണ്ടായിരുന്നു. ഇന്നും വില കുതിച്ചുയരും.

ഓഹരികളിൽ ചാഞ്ചാട്ടം

യുഎസിൽ ബോണ്ട് വിപണി നേരിടുന്ന ആഘാതം ഓഹരി വിപണിക്ക് തൽക്കാലം നേട്ടമായി. ഇന്നലെ നാസ്ഡാക് 0.43%, എസ് ആൻഡ് പി500 സൂചിക 0.43%, ഡൗ ജോൺസ് 0.98% എന്നിങ്ങനെ ഉയർന്നു. ക്രിപ്റ്റോകറൻസികളും കുതിപ്പിലാണ്. ബിറ്റ്കോയിൻ വില 8% ഉയർന്ന് 78,436 ഡോളറിലെത്തി.

ഇന്ത്യയിൽ വലിയ കുതിപ്പുണ്ടാകുമെന്ന് കരുതിയെങ്കിലും സെൻസെക്സും നിഫ്റ്റിയും കരുതോലോടെയാണ് നീങ്ങിയത്. നിഫ്റ്റി വെറും 20 പോയിന്റിലേക്ക് (+0.08%) നേട്ടം നിജപ്പെടുത്തി 24,252ൽ എത്തി. സെൻസെക്സ് 3 പോയിന്റ് (+0.00%) ഉയർന്ന് 77,540ലും.