അമേരിക്കയുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും ഹോർമുസിൽ ഡീൽ ഒമാനുമായി നേരിട്ടാണെന്നും ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, നിലപാടിൽ വൻ മാറ്റവുമായി ഡോണൾഡ് ട്രംപ്. ഇറാനെ സൈനികമായി ആക്രമിക്കുന്നതിന് പകരം ഇനി സാമ്പത്തികയുദ്ധം മുറുക്കാനാണ് ശ്രമിക്കുകയെന്ന് ട്രംപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ഇറാനുമായുള്ള ചർച്ച ഞങ്ങൾ ഭാഗികമാക്കി. ഇറാൻ സാമ്പത്തികമായി തകർന്നു. സൈന്യത്തിന് കൊടുക്കാനുള്ള കാശ് പോലും അവരുടെ കൈയിലില്ല. വിലക്കയറ്റം കത്തിക്കയറിയിട്ടുണ്ട്’’ – ട്രംപ് പറഞ്ഞു. ഇറാന്റെ കറൻസിയായ റിയാൽ വെറും പാഴ്ക്കടലാസായി മാറിയെന്ന് പിന്നീട് ട്രൂത്ത് സോഷ്യലിൽ ചാർട്ട് സഹിതമിട്ട് ട്രംപ് പരിഹസിച്ചു.2025ന്റെ തുടക്കത്തിൽ 10 ലക്ഷം ഇറാനിയൻ റിയാൽ കൊടുത്താൽ 1.11 ഡോളർ (ഏകദേശം 94 ഇന്ത്യൻ രൂപ) കിട്ടുമായിരുന്നു. ഇപ്പോൾ അതുവെറും 0.53 സെന്റ് ആണ് (ഏതാണ്ട് 47 രൂപ). ഹോർമുസ് കടലിടുക്കിൽ ഇറാനിലേക്കും തിരിച്ചുംപോകുന്ന കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടി ഇറാനെ തകർത്തുകഴിഞ്ഞു. ക്രൂഡോയിൽ വില ഇപ്പോൾ 75 ഡോളറാണ്. പശ്ചിമേഷ്യയിലെ യുദ്ധംമൂലം യുഎസിലെ ജനങ്ങൾക്ക് കാര്യമായ വിലയാഘാതമുണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനിൽ ഇതിനിടെ ‘വൻ അഴിച്ചുപണി’ നീക്കം നടത്തി പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ആക്രമുണ്ടായാൽ പ്രത്യാക്രമണം കടുപ്പിക്കാനാണ് ഇതുവഴി ഇറാൻ ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് ബാഗെർ സോൽഖാദിറിനെ മാറ്റിയ മുജ്തബ, പകരം റവല്യൂഷനറി ഗാർഡിന്റെ മുൻ കമാൻഡർ മൊഹ്സിൻ റസായിയെ നിയമിച്ചു.മാർച്ചിൽ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടപ്പോഴായിരുന്നു സെക്രട്ടറിയായി സോൽഖാദിർ എത്തിയത്. അതേസമയം, സോൽഖാദിറിന് തന്റെ രാഷ്ട്രീയ ഉപദേശക സ്ഥാനമാണ് പുതുതായി മുജ്തബ നൽകിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനെ ഇതിനിടെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ന്യായീകരിച്ചതും ശ്രദ്ധേയമാണ്. ‘‘ഈ രാജ്യങ്ങളിലെ സൈനിക താവളങ്ങളിൽ നിന്നാണ് ഇറാനെ അമേരിക്കൻ സൈന്യം ആക്രമിക്കുന്നത്. അതുകൊണ്ട്, തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ട്’’ – പെസെഷ്കിയാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഒമാനുമായി ചർച്ച അന്തിമഘട്ടത്തിലാണെന്നും ഡീൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം, ഹോർമുസ് തുറന്നാൽ അത് യുഎസിന്റെ വിജയമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്ന് സൂചനകളുണ്ട്. മാത്രമല്ല, ഇറാനുമേൽ ആണവ ഡീൽ എന്ന സമ്മർദം ഉയർത്തുന്നതിൽ നിന്ന് ട്രംപ് ‘കടുംപിടിത്തം’ ഒഴിവാക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, ഇതിനെ പൂർണമായി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തുവന്നു. ഡീൽ വഴിയാണെങ്കിലും അല്ലെങ്കിലും ഇറാന് ഒരിക്കലും ആണവപദ്ധതി നടപ്പാക്കാൻ ഇസ്രയേൽ സമ്മതിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ ഗാസ സമാധാന നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞതും ശ്രദ്ധേയമായി. പാലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു.









