Headlines

ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റിപ്പോർട്ടും റദ്ദാക്കണമെന്ന ഹർജി; S ശ്രീജിത്തിനും ആഭ്യന്തരവകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്

ഡിജിപി എസ് ശ്രീജിത്തിനും ആഭ്യന്തരവകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റിപ്പോർട്ടും റദ്ദാക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. ശ്രീജിത്തും സർക്കാരും ഓഗസ്റ്റ് 31ന് മറുപടി നൽകണം. ഡിജിപി എസ് ശ്രീജിത്തിനെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി തീർപ്പാക്കി. ഇത് ചോദ്യം ചെയ്താണ് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്.

ദിപിൻ എടവനയാണ് എഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നത്. അനുമതിയില്ലാതെയുള്ള വിദേശയാത്രയും ചട്ടലംഘനങ്ങളും ആരോപിച്ചുള്ള പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാവാൻ കീഴുദ്യോഗസ്ഥൻ വഴി അനുമതി തേടിയ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇത് വില്ലേജ് ഓഫീസ് അല്ല, സംസ്ഥാനത്തെ ഉന്നത കോടതിയാണെന്ന് മിൻഹാജ് ആലത്തോട് കോടതി പറഞ്ഞു. തെറ്റുകൾ ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടിയും പിഴയും ഈടാകുമെന്നും ജസ്റ്റിസ് എ ബദറുദീൻ മുന്നറിയിപ്പ് നൽകിയിരുന്നു‌.