കോട്ടയം ∙ “ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”, 24 മണിക്കൂറിനുള്ളിൽ 2 മില്യൻ കാഴ്ചക്കാരെ നേടിയ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വരെ കമന്റിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. ഇൻസ്റ്റഗ്രാമിൽ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ടാണ് മെറ്റ പൂട്ടിയത്. വൈറൽ താരം മുഹമ്മദ് സിയാനാണ് ‘കുട്ടി സഖാവിൽ’ വിഡിയോകൾ ചെയ്തിരുന്നത്.
കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ‘കുട്ടി സഖാവ്’ വളരെ വേഗമാണ് വൈറലായത്. രാഷ്ട്രീയം പറയുന്ന കുട്ടിയെ കൗതുകത്തോടെ കണ്ടാണ് പലരും കമന്റുകൾ ഇട്ടിരുന്നത്. അതേസമയം മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കാൻ മെറ്റയ്ക്കു അപ്പീൽ നൽകിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള പോസ്റ്റുകൾ മെറ്റ വ്യാപകമായി നീക്കം ചെയ്തിരുന്നു. മുഹമ്മദ് സിയാന്റെ അക്കൗണ്ട് പൂട്ടിയതിൽ ഒട്ടേറെപ്പേർ വിമർശനം ഉയർത്തിയിട്ടുണ്ട്. അതേസമയം തന്നെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മില്യൻ കാഴ്ചക്കാർ, പിണറായിയും കമന്റിട്ടു; ‘കുട്ടി സഖാവ്’ പൂട്ടി മെറ്റ; തിരിച്ചുപിടിക്കാൻ അപ്പീൽ









