Headlines

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് എതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍. വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഇന്ന് വരും.

കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂര്‍ണമായും പിരിച്ചു വിട്ടാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, മുസ്തഫല്‍ ഫൈസി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര്‍ വഖഫ് ബോര്‍ഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത് ഇസ്ലാമി, കെ.എന്‍.എം തുടങ്ങിയ സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് പുനഃസംഘടന. എന്നാല്‍, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.

അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി മുസ്തഫല്‍ ഫൈസിയും ബോര്‍ഡില്‍ ഉള്‍പ്പെട്ടു. അതേസമയം, വഖഫ് ബോര്‍ഡില്‍ ഇ.കെ, എ.പി വിഭാഗം സമസ്തകള്‍ക്ക് പ്രതിനിധികള്‍ ഇല്ലാത്തത് അനീതിയും അന്യായയവുമെന്ന ഫേസ്ബുക് കുറിപ്പുമായി എസ്‌വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത് എത്തി. മായിന്‍ ഹാജി സമസ്തക്കാരന്‍ ആണെന്ന് ബോര്‍ഡില്‍ നിന്ന് പുറത്തായ ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്താണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് എന്ന് മന്ത്രി എന്‍.ഷംസുദീന്‍ പ്രതികരിച്ചു.

നിലവിലുണ്ടായിരുന്ന വഖഫ് ബോര്‍ഡിന് കാലാവധി ബാക്കിയുണ്ടായിരുന്നത് ഭരണതലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍, വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.