Headlines

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ: എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം

ചെന്നൈ: എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നും സിഇസി ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രത്യേക ലോക്‌സഭ സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്. മണ്ഡല പുനര്‍ നിര്‍ണയം, വനിതാ ബില്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍, എസ്‌ഐആര്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഇവിഎമ്മിന് പകരം പോസ്റ്റല്‍ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നതും ഉന്നയിച്ചു. ഇതിനായി രാഷ്ട്രപതിക്ക് നിവേദനം നല്‍കും. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുവെന്നും യോഗം അറിയിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലുമായി മുപ്പത് എംപിമാരാണ് ഡിഎംകെയ്ക്ക് ഉള്ളത്. ഇന്ത്യ സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന സാഹചര്യത്തില്‍ വിവിധ ബില്ലുകളിലെ ഡിഎംകെ നിലപാടുകള്‍ ശ്രദ്ധേയമാണ്. പ്രത്യേക ലോക്‌സഭ സമ്മേളനത്തില്‍ മണ്ഡല പുനര്‍ നിര്‍ണയം, വനിതാ ബില്‍ എന്നിവ ചര്‍ച്ചയ്ക്ക് വന്നേക്കും. രണ്ടിലും നേരത്തെ തന്നെ ഡിഎംകെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെയുടെ നിലപാട് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.