കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചു. ഇതിന്റെ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഓഹരി ഉടമകൾക്കു പണം തിരികെ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാളായ മയ്യിൽ സ്വദേശി കെ.പി.നാസർ, ടി.കെ.ഗോവിന്ദൻ എംഎൽഎ വഴി മുഖ്യമന്ത്രി വി.ഡി.സതീശനു പരാതി നൽകി. വിവരം പുറത്തറിഞ്ഞതോടെ പരാതിക്കാരന്റെ ഒരു ലക്ഷം രൂപ തിരിച്ചു നൽകി. നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്നും നാസർ പറഞ്ഞു.പലിശരഹിത ഓഹരി നിക്ഷേപം സ്വീകരിച്ച് ഇസ്‌ലാമിക ബാങ്കിങ് രീതിയിലായിരുന്നു സഹകരണ സംഘത്തിന്റെ പ്രവർത്തനം. 2017 ഡിസംബറിലായിരുന്നു ഉദ്ഘാടനം. പലിശയുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവരിൽനിന്നു നിക്ഷേപം സ്വീകരിച്ചു വ്യവസായ– വ്യാപാര– നിർമാണ മേഖലകളിൽ മുടക്കുകയും അതിൽ നിന്നുള്ള ലാഭം നിക്ഷേപകർക്കു വീതിച്ചു നൽകുകയും ചെയ്യുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നായിരുന്നു പ്രഖ്യാപനം.8 വർഷം കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കുകയോ സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിവരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടിരുന്നുവെന്ന് ടി.കെ.ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണം, കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി കണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫിസിനു കെട്ടിടമുണ്ടാക്കാൻ സ്വരൂപിച്ച ഫണ്ടിലെ ക്രമക്കേട് എന്നിവയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ സിപിഎമ്മിന്റെ മറ്റൊരു സാമ്പത്തിക ക്രമക്കേടു കൂടി പുറത്തുവന്നത്.
ഇസ്‌ലാമിക ബാങ്കിന്റെ പ്രവർത്തനം നിലച്ചു; സിപിഎം സ്ഥാപിച്ച മറ്റൊരു സ്ഥാപനം കൂടി കുരുക്കിൽ







