Headlines

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; തുരങ്കത്തിനുള്ളിലേക്ക് മണ്ണും വെള്ളവും കുത്തിയൊലിച്ചു, 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ചമോലി ജില്ലയിലുള്ള പിപൽക്കോട്ടിക്ക് സമീപം നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു. മണ്ണും ചെളിയും വെള്ളവും കുത്തിയൊലിച്ച് വന്ന് മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കത്തിനുള്ളിലേക്ക് കയറുകയായിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലാണ് അവശിഷ്ടങ്ങൾ വന്ന് നിറഞ്ഞതെന്ന് അധികൃതർ അറിയിച്ചു.തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ ബാക്കി 15 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. വ്യാഴാഴ്ച രാത്രി ഏഴരയോടെ 22 തൊഴിലാളികൾ ജോലി ചെയ്യുമ്പോഴാണ് പെട്ടെന്ന് വെള്ളവും മണ്ണും തുരങ്കത്തിലേക്ക് ഇരച്ചുകയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് പ്രാദേശിക ദുരന്തനിവാരണ സേനാംഗങ്ങളെ ഉടനടി വിന്യസിച്ചു.പരുക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യാനായി ഹെലികോപ്റ്റർ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ആളുകളെയും എത്രയും വേഗം സുരക്ഷിതമായി പുറത്തെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.