ബെംഗളൂരു∙കെഎസ്ആർടിസി ഡീലക്സ് ബസിനു നേരെ കർണാടകയിൽ മുട്ടയെറിഞ്ഞതിൽ പൊലീസ് കേസെടുത്തു. മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദിയിൽ ബെംഗളൂരു– കാസർകോട് ബസാണ് ബുധനാഴ്ച രാത്രി 2 ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കാനുള്ള അട്ടിമറി സാധ്യത ഉൾപ്പെടെ വിലയിരുത്തിയുള്ള അന്വേഷണത്തിനു മന്ത്രി സി.പി.ജോൺ കെഎസ്ആർടിസിക്ക് നിർദേശം നൽകി. മുന്നിലെ ഗ്ലാസിൽ നിന്നു മുട്ടയുടെ അവശിഷ്ടങ്ങൾ കഴുകിക്കളഞ്ഞ ശേഷം ബസ് യാത്ര തുടർന്നു.ആക്രമണം നടക്കുമ്പോൾ ബസിൽ 10 യാത്രക്കാരുണ്ടായിരുന്നു. കണ്ടക്ടറുടെ പരാതിയിലാണു കേസെടുത്തത്. ഈ മാസം 8ന് കോഴിക്കോട്ടു നിന്നു ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ഡീലക്സ് ബസ് അപകടത്തിൽപെട്ട സ്ഥലത്തു നിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ 3 പേർ കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.എക്സ്പ്രസ് വേയിലെ പ്രധാന പാതയേക്കാൾ ഉയരമുള്ള സർവീസ് റോഡിലൂടെ 2 ബൈക്കുകൾ ബസിനെ പിന്തുടർന്നതായി ബസ് ഡ്രൈവർ വി.സുരേഷ് പറഞ്ഞു. വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ബൈക്കിന് പിന്നിലിരുന്നയാൾ മുന്നിലെ ഗ്ലാസിലേക്കു മുട്ടകൾ എറിഞ്ഞു. കവർച്ചാ സംഘമാണെന്നു സംശയം തോന്നിയതോടെ കാഴ്ച മങ്ങിയിട്ടും വൈപ്പർ ഉപയോഗിക്കാതെ ഒന്നര കിലോമീറ്റർ അകലെ വെളിച്ചമുള്ള സ്ഥലത്തെത്തിച്ചു ബസ് സുരക്ഷിതമായി നിർത്തുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയവർ കടന്നുകളഞ്ഞു. വാഹനങ്ങൾ ആക്രമിച്ചു കവർച്ച നടത്തുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണെന്നു മലയാളി സംഘടനകൾ പറയുന്നു.
കെഎസ്ആർടിസി ബസിനുനേരെ കർണാടകയിൽ മുട്ടയേറ്; കാഴ്ച മങ്ങിയിട്ടും വൈപ്പർ ഉപയോഗിക്കാതെ യാത്ര, അട്ടിമറിസാധ്യത അന്വേഷിക്കും








