കാബൂൾ∙ താലിബാൻ അധികാരമേറ്റെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ 2.4 ദശലക്ഷം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുഎൻ ഏജൻസി. സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ സ്ത്രീകളിൽ ഭൂരിഭാഗം പേരും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിന് പുറത്തിറങ്ങുന്നതെന്നും യുഎൻ വിമൺ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് നൂറിലധികം ഉത്തരവുകളാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ പുറപ്പെടുവിച്ചിട്ടുള്ളത്.സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നത് മൗലികാവകാശ ലംഘനമാണെന്നു യുനെസ്കോ പറഞ്ഞു. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഏകരാജ്യമാണ് അഫ്ഗാനിസ്ഥാനെന്ന് യുനെസ്കോയുടെ വിദ്യാഭ്യാസ പരിപാടി കോ–ഓർഡിനേറ്റർ ഹോഡ ജബേരിയൻ പറഞ്ഞു. താലിബാൻ അധികാരത്തിലേറിയിട്ട് അഞ്ച് വർഷമായി. ഇക്കാലമത്രയും ഒരു കുട്ടിയുടെ ജീവിതത്തിൽ വിദ്യാഭ്യാസം നിഷേധിക്കുകയെന്നത് ഗൗരവമേറിയ കാര്യമാണ്. വിദ്യാഭ്യാസമെന്നതു ഓരോരുത്തരുടെയും അവകാശമാണെന്നും അഫ്ഗാനിസ്ഥാനിൽ അത് പുനഃസ്ഥാപിക്കണമെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു.സ്ത്രീകൾക്ക് മേൽ ചുമത്തുന്ന നിയന്ത്രണങ്ങൾ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതായി യുഎൻ ഏജൻസി കണ്ടെത്തി. പത്തിൽ ഏഴ് സ്ത്രീകളുടെയും മാനസികാരോഗ്യം ‘മോശം’, ‘വളരെ മോശം’ വിഭാഗത്തിലാണ്. രാജ്യത്തെ ഏഴ് ശതമാനം വനിതകൾ മാത്രമാണ് ജോലി ചെയ്യുന്നവർ. ഈ വർഷം നടപ്പാക്കിയ നിയന്ത്രണങ്ങൾ വിവാഹത്തിനുമേൽ പുരുഷന്മാർക്കുള്ള അധികാരം ശക്തിപ്പെടുത്തുകയും സ്ത്രീകൾക്ക് വിവാഹമോചനം തേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്തുവെന്നും ഏജൻസി പറഞ്ഞു. 2025 ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ 2,190 പേരിൽ നടത്തിയ സർവെയുടെയും 2026 ഏപ്രിൽ–മേയ് മാസങ്ങളിൽ 2,811 പേരിൽ നടത്തിയ ടെലിഫോൺ സർവെയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.രണ്ട് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ രംഗത്ത് അഫ്ഗാൻ കൈവരിച്ച നേരിയ പുരോഗതികൾക്കു കൂച്ചുവിലങ്ങിടുകയാണ് താലിബാൻ നിയന്ത്രണങ്ങൾ. 2001ൽ സ്കൂൾ വിദ്യാഭ്യാസം വളരെ പരിമിതമായിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും ഒരു ദശലക്ഷം പേരാണ് സെക്കൻഡറി ക്ലാസുകളിൽ ചേർന്നത്. 2021 ഓഗസ്റ്റ് 15ന് താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. 12 വയസ്സിന് മുകളിലുള്ളവർക്ക് വിദ്യാഭ്യാസം നിരോധിക്കുന്നതിനു പുറമേ എൻ.ജി.ഓകൾ, യുഎൻ ഏജൻസികൾ, സർക്കാർ ഓഫിസുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയിടങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കി. ബന്ധുവിനൊപ്പം മാത്രമേ ദീർഘദൂര യാത്രകൾ ചെയ്യാൻ അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ കണ്ണുകൾ ഒഴികെ ശരീരം മുഴുവൻ മറയ്ക്കുന്ന ബുർഖയോ നിഖാബോ നിർബന്ധമാക്കി. പാർക്കുകൾ, ജിമ്മുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ പ്രവേശനമില്ല എന്നുതുടങ്ങി നിരവധി നിയന്ത്രങ്ങളാണു താലിബാൻ തടവറയിൽ സ്ത്രീകൾ അനുഭവിക്കുന്നത്.
വിദ്യാഭ്യാസവും ജോലിയുമില്ല; മാസം പുറത്തിറങ്ങുന്നത് 2 തവണ മാത്രം! അഫ്ഗാൻ സ്ത്രീകളുടെ മാനസികാരോഗ്യം തകർച്ചയിൽ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി യുഎൻ






