മുംബൈ∙ ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപംവച്ചായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂർത്ത ആയുധമുപയോഗിച്ചാണ് അക്രമി ബാദലിനെ ആക്രമിച്ചതെന്നാണ് വിവരം. ബാദലിന്റെ കയ്യിലാണ് പരുക്കേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.ആക്രമണമുണ്ടാകുമ്പോൾ ബാദലിന്റെ ഭാര്യയും അകാലിദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലും ഒപ്പമുണ്ടായിരുന്നു. പരുക്കേറ്റ കയ്യിൽ കാവി നിറത്തിലുള്ള തുണി പൊതിഞ്ഞ് ബാദൽ ആശുപത്രിയിലെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2024ലും സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമമുണ്ടായിട്ടുണ്ട്. അമൃത്സറിലെ സുവർണക്ഷേത്രത്തിനു മുന്നിൽവച്ചായിരുന്നു അത്. തോക്കുധാരി സുഖ്ബീർ സിങ് ബാദലിനുനേരെ പാഞ്ഞടുത്തെങ്കിലും ജനക്കൂട്ടവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനുനേരെ ആക്രമണം






