കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ബി.ജെ.പിയുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.എന്നാല്‍ ഇതുവരെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് വിട്ട അമരീന്ദർ സിങ്ങ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ തിയതിയോ പാർട്ടിയുടെ പേരോ വ്യക്തമാക്കിയിരുന്നില്ല. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്തകളും ശക്തമായിരുന്നു. എന്നാൽ അത് നിഷേധിച്ച അമരീന്ദർ സിങ് സഖ്യ സാധ്യത തള്ളി കളഞ്ഞിട്ടുമില്ല.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുമായി സഹകരിക്കുമെന്നും അമരീന്ദർ സിങ് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ അമരീന്ദർ സിങിനെ കൂടെ കൂട്ടിയാൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ. പിയുടെയും വിലയിരുത്തൽ. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡുമായി ഉടക്കി അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്.